വടക്കഞ്ചേരി: മലയോര മേഖലയായ പനംങ്കുറ്റിയില്‍ വീടുകള്‍ക്ക് നേരെ കാട്ടാനകൂട്ടത്തിന്റെ ആക്രമണം.പനംങ്കുറ്റി ചെറുനിലം ജോണിയുടെ തറവാട്ട് വീടിനു നേരെയായിരുന്നു കാട്ടുകൊമ്പന്ന്മാരുടെ പരാക്രമം ഉണ്ടായത്.ഈ സമയം വീട്ടില്‍ ആളില്ലായിരുന്നു.
വീടിനോട് ചേര്‍ന്ന തെങ്ങ് തള്ളിയിട്ട് മേല്‍കൂര തകര്‍ന്നു.മറ്റു നിരവധി തൈ തെങ്ങുകളും നൂറില്‍ പരം വാഴകളും പപ്പായ മരങ്ങളും അഞ്ച് എണ്ണം വരുന്ന കാട്ടാനകൂട്ടം നശിപ്പിച്ചു. വരിക്കമാക്കല്‍, വലിയപറമ്പില്‍ തുടങ്ങിയ തോട്ടങ്ങളിലും വിളനാശമുണ്ട്.
വരിക്കമാക്കല്‍ ബേബിയുടെ ആയിരത്തില്‍പരം പൂവന് വാഴകള്‍ മാസങ്ങള്‍ക്കു മുമ്പ് ആനകൂട്ടം ഇറങ്ങി പല ദിവസങ്ങളിലായി നശിപ്പിച്ചിരുന്നു.
ഇത്തരത്തിലുള്ള കൃഷി നാശം പ്രദേശത്ത് വ്യാപകമായി ഉണ്ടായി. ഇതേ തുടര്‍ന്ന് മുന്‍ മന്ത്രിയും കിഴക്കഞ്ചേരിക്കാരനുമായ കെ.ഇ.ഇസ്മായില്‍ ഇടപ്പെട്ട് വനാതിര്‍ത്തിയില്‍ സോളാര്‍ ഫെന്‍സിംഗ് നടത്താന്‍ അടിയന്തിര നടപടി സ്വീകരിച്ചു.
തുടര്‍ന്ന് ഏതാനും മാസം ആന ശല്യം കുറവായി.എന്നാല്‍ സോളാര്‍ വേലി തകര്‍ത്താണ് ഇപ്പോള്‍ ആനകള്‍ നാട്ടിലെത്തുന്നത്. കാട്ടാനകൂട്ടങ്ങളെ ഉള്‍ക്കാട്ടിലേക്ക് കയറ്റി വിടാന്‍ നടപടി സ്വീകരിക്കുന്നതിനൊപ്പം വിളനാശവും മറ്റു വസ്തു വഹകളും നശിച്ച കര്‍ഷകര്‍ക്ക് വനം വകുപ്പ് മതിയായ നഷ്ട പരിഹാരം നല്‍കണമെന്നുമാണ് ആവശ്യം.