കഴുതയുമായി ട്രെയിനിൽ യാത്ര ചെയ്ത കർഷകൻ പുലിവാൽ പിടിച്ചു. കഴുതയുടെ ട്രെയിൻ യാത്ര നാട്ടുകാരിൽ കൗതുകവും പ്രതിഷേധവുമുണ്ടാക്കി.
ഈജിപ്തിലാണ് സംഭവം. പല രാജ്യങ്ങളിലും മൃഗങ്ങളുമായി യാത്രക്കാർ ട്രെയിനിൽ കയറാറുണ്ടെങ്കിലും ഈജിപ്തിൽ അത് സാധാരണമല്ല.
ഖിനാ പ്രവിശ്യയിലെ നഗഅ് ഹമ്മാദി നഗരത്തിൽനിന്ന് ദക്ഷിണ ഈജിപ്തിലെ ലക്സോറിലേക്കായിരുന്നു കഴുതയോടൊപ്പം കർഷകന്റെ യാത്ര.
ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും വാർത്ത പത്രങ്ങളിൽ വരികയും ചെയ്തതോടെ റെയിൽവെ അഥോറിറ്റി വിശദീകരണ പ്രസ്താവന പുറത്തിറക്കി. കർഷകൻ ഇപ്പോൾ കോടതിയിൽ നിയമ നടപടി നേരിടുകയാണ്.
ഡോറിനു സമീപമുള്ള തൂണിൽ ഇയാൾ കഴുതയെ കെട്ടിയിട്ടു. അബ്നൂദിലെ കാലിച്ചന്തയിൽനിന്ന് കഴുതയെ വാങ്ങി സ്വദേശമായ ലക്സോറിലേക്ക് കൊണ്ടുപോകുകയായിരുന്നു. കുറഞ്ഞ ചെലവിൽ കഴുതയെ ലക്സോറിലെത്തിക്കാൻ മറ്റു മാർഗമില്ലാത്തതിനാൽ ട്രെയിനിൽ കയറ്റുകയായിരുന്നു.
ടിക്കറ്റ് കളക്ടർ ട്രെയിനിനകത്ത് കഴുതയെ കണ്ടതോടെ മർകസ് ഖോസ് റെയിൽവെ സ്റ്റേഷനിൽ ഇറക്കാൻ ശ്രമിച്ചു. എന്നാൽ കഴുതയെ ഇറക്കിവിട്ടാൽ താൻ തീവണ്ടിയിൽനിന്ന് ചാടി ജീവനൊടുക്കുമെന്ന് കർഷകൻ ഭീഷണിപ്പെടുത്തിയതോടെ ടിക്കറ്റ് കളക്ടർ വെട്ടിലായി.
ലക്സോർ സ്റ്റേഷൻ എത്തിയതോടെ യാത്രക്കാരനെയും കഴുതയെയും അധികൃതർ കസ്റ്റഡിയിലെടുത്ത് 500 ഈജിപ്ഷ്യൻ പൗണ്ട് പിഴ ചുമത്തി.