നെടുങ്കണ്ടം: പാറമടയിൽനിന്നും അനധികൃതമായി കരിങ്കല്ല് കടത്താൻ ശ്രമിച്ചത് തടഞ്ഞ നാട്ടുകാർക്കുനേരെ പോലീസ് അതിക്രമം. വയോധിക അടക്കം മൂന്നുപേരെ സിഐ മർദിച്ചു.
കൂട്ടാർ അല്ലിയാറിലാണ് സംഭവം. ഇവിടെ പ്രവർത്തിക്കുന്ന പാറമടയിൽനിന്നും ഒരുദിവസം ഒരു ടിപ്പർ കല്ല് കൊണ്ടുപോകാൻ മാത്രമാണ് അനുമതിയുള്ളത്.
എന്നാൽ ദിവസവും അന്പതോളം ടിപ്പറുകൾ ഇവിടെനിന്നും ഇടതടവില്ലാതെ കല്ലുമായി പോകുന്നുണ്ട്. ഇന്നലെ രാവിലെ ഇത് ചോദ്യംചെയ്യാനെത്തിയ നാട്ടുകാർക്കെതിരെയാണ് പോലീസ് അതിക്രമമുണ്ടായത്. 13-ഓളം ടിപ്പറുകൾ ഈ സമയം പാറമടയിൽ കല്ല് കയറ്റുന്നുണ്ടായിരുന്നു.
ആദ്യത്തെ ഒരു ടിപ്പർ നാട്ടുകാർ കടത്തിവിട്ടു. പിന്നീടെത്തിയ ടിപ്പറുകൾ ഇവർ തടയുകയായിരുന്നു. ഇതേത്തുടർന്ന് രാവിലെ ഏഴോടെ കന്പംമെട്ട് സ്റ്റേഷനിൽനിന്നും പോലീസ് എത്തി.
പത്തോടെ സിഐ ജി. സുനിൽകുമാറിന്റെ നേതൃത്വത്തിൽ കൂടുതൽ പോലീസെത്തി നാട്ടുകാർക്കുനേരെ അതിക്രമം കാട്ടുകയായിരുന്നെന്നാണ് പരാതി.
ലോറികൾ കടത്തിവിടണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും നാട്ടുകാർ തയാറായില്ല. ഇതേത്തുടർന്നുണ്ടയ സംഘർഷത്തിനിടെ നാരകപ്പറന്പിൽ റെജി(47)യെ സിഐ കരണത്തടിച്ചു.
ഇതുകണ്ട് തടസംപിടിക്കാനെത്തിയ റെജിയുടെ മാതാവ് കമലമ്മ(85)യെ പോലീസ് ചവിട്ടിവീഴ്ത്തുകയും നിലത്തിട്ട് വലിച്ചിഴയ്ക്കുകയും ചെയ്തതായി പറയുന്നു.
ഇതിനിടെ താവുപറന്പിൽ അജീഷിനെ(27)യും സിഐ കരണത്തടിക്കുകയും ചവിട്ടുകയും ചെയ്തു. ദൃശ്യങ്ങൾ പകർത്താൻശ്രമിച്ച താവുപറന്പിൽ സന്തോഷിന്റെ ഫോണ് സിഐ നിലത്തിട്ട് ചവിട്ടി നശിപ്പിച്ചതായും പരാതിയുണ്ട്. പരിക്കേറ്റ മൂന്നുപേരേയും നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വർഷങ്ങളായി പാറമട പ്രവർത്തിക്കുന്നതിനാൽ പ്രദേശത്ത് താമസിക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് പ്രദേശവാസികൾ പറയുന്നു. സ്ഥലത്തെ 10 വീടുകൾക്കും പുതിയതായി നിർമിച്ച ജലനിധി ടാങ്കിനും വിള്ളലുണ്ട്.
സ്കൂൾ സമയങ്ങളിൽപോലും ടിപ്പർ ലോറികൾ ഇതുവഴി പായുകയാണ്. പുലർച്ചെ അഞ്ചുമുതൽ പാറമട പ്രവർത്തനമാരംഭിക്കുന്നതിനാൽ വിദ്യാർഥികൾക്ക് പഠിക്കാനും കഴിയുന്നില്ല. പൊടിശല്യം മൂലം വീടുകളിൽ കഴിയാൻ പറ്റാത്ത സാഹചര്യമാണ്.
ആസ്ത്മ പോലുള്ള രോഗങ്ങളും വ്യാപകമായിട്ടുണ്ട്്. ശബ്ദവും പൊടിശല്യവും രൂക്ഷമായതോടെയാണ് നാട്ടുകാർ ലോഡുമായി എത്തിയ ടിപ്പർ ലോറികൾ റോഡിൽ തടഞ്ഞത്.
കഴിഞ്ഞ പത്തുവർഷത്തിനിടെ നിരവധിതവണ പാറമടയ്ക്കെതിരേ പരാതി നൽകിയിട്ടും റവന്യൂ, പോലീസ് അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നും പ്രദേശവാസികൾ ആരോപിച്ചു.
പഞ്ചായത്ത് റോഡിലൂടെ അനുമതിയില്ലാതെ അമിതഭാരവുമായി വാഹനങ്ങൾ കടന്നുപോകുന്നതിനാൽ റോഡ് സാധാരണക്കാർക്ക് ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാണ്.
എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കന്പംമെട്ട് എസ്എച്ച്ഒ പറയുന്നു. കോടതി ഉത്തരവ് അനുസരിച്ചാണ് പാറമട പ്രവർത്തിക്കുന്നത്. പൊതുനിരത്തിൽ ജനങ്ങൾ മാർഗതടസം സൃഷ്ടിച്ചത് ഒഴിവാക്കുകയാണ് ചെയ്തത്.
ഇതിന്റെ മുഴുവൻ ദ്യശ്യങ്ങളും പോലീസിന്റെ പക്കലുണ്ട്. ഇതിനിടെ ഒരു പോലീസുകാരനെ നാട്ടുകാർ കൈയേറ്റംചെയ്തെന്നും പാറമട ഉടമസ്ഥരെ ഭീഷണിപ്പെടുത്തി 15 ലക്ഷം രൂപ കൈക്കൂലി വാങ്ങാൻ ശ്രമം നടത്തിയെന്ന പരാതി നിലവിലുണ്ടെന്നും കണ്ടാലറിയാവുന്ന നാലുപേർക്കെതിരേ കേസെടുത്തിട്ടുണ്ടെന്നും കന്പംമെട്ട് സ്റ്റേഷൻ ഹൗസ് ഓഫീസർ അറിയിച്ചു.