മുണ്ടക്കയം: കടൽ കടന്ന് കേരളത്തിന് ഖ്യാതി നേടി തന്ന ചക്കയിപ്പോൾ ഉത്തരേന്ത്യയിലും താരമാകുന്നു. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ നിന്നു പ്രതിദിനം ഉത്തരേന്ത്യൻ വിപണിയിലെത്തുന്നത് ടൺകണക്കിന് ഇടിച്ചക്കയാണ്.
ഉത്തർപ്രദേശ്, മുംബൈ അടക്കമുള്ള വടക്കൻ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന ഭക്ഷ്യോത്പന്ന നിർമാണ ഫാക്ടറികളാണ് ഇത്തരത്തിൽ വിളവ് കുറഞ്ഞ ചക്ക വൻ തോതിൽ ശേഖരിക്കുന്നത്.
മുള്ളുകളഞ്ഞ് മെഷീനിൽ അരച്ച് പൊടിച്ച ശേഷമാണ് ഉപയോഗിക്കുന്നത്. ബിസ്കറ്റ്, വിവിധതരം ചോക്ലേറ്റുകൾ എന്നിവയുടെ നിർമാണത്തിനാണ് ഏറിയ പങ്കും വിനിയോഗിക്കുന്നത്.
വിദേശങ്ങളിൽ പാകമായ ചക്കയും ചക്കപ്പഴവും ചക്കക്കുരുവുമായിരുന്നു ശ്രദ്ധ നേടിയത്. ശീതീകരണ സംവിധാന സഹായത്തോടെ തനിമ ചോരാതെയാണ് വിദേശങ്ങളിൽ ഇവ എത്തിക്കുന്നത് .
മുണ്ടക്കയം, കോരുത്തോട്, തെക്കേമല പാലൂർക്കാവ് , കൊക്കയാർ, ഏന്തയാർ, എരുമേലി, ഇഞ്ചിയാനി, കണ്ണിമല തുടങ്ങിയ ഗ്രാമീണ മേഖലകളിൽ നിന്നു ശേഖരിക്കുന്ന ചക്ക മുപ്പത്തൊന്നാം മൈലിൽ ചെറുവാഹനങ്ങളിലെത്തിച്ച ശേഷം ടോറസുകളിൽ ലോഡ് ചെയ്താണ് ഉത്തരേന്ത്യയിലേക്ക് കൊണ്ടു പോകുന്നത്.
കനത്ത ചൂടിൽ ചക്ക മോശമാകാതിരിക്കുവാൻ ചക്കയുടെ മുകളിൽ ഐസ് നിറച്ച ശേഷമാണ് ലോറികൾ യാത്ര ആരംഭിക്കുന്നത്.
ഇതിന് പുറമെ വിവിധ ജില്ലകളിൽ നിന്ന് ഇത്തരത്തിൽ നിരവധി ലോഡുകൾ അയയ് ക്കുന്നുണ്ട്. പൈങ്ങന, മുപ്പത്തൊന്നാം മൈൽ എന്നിവിടങ്ങളിൽ നിന്നു മാത്രം പ്രതിദിനം നൂറു ടൺ ചക്കയാണ് കയറ്റിവിടുന്നത്.
വലിപ്പമുള്ള ചക്കയൊന്നിന്ന് 40 രൂപ വരെകർഷകർക്ക് ലഭിക്കുന്നുണ്ട് . വിലയിടിവിൽ തകർന്ന കാർഷിക മേഖലയിൽ പുതിയൊരു വരുമാന മാർഗമായി മാറുകയാണ് ചക്ക.