കോട്ടയം: താപനില ജില്ലയിൽ നാലു ഡിഗ്രി വരെ ഉയർന്നേക്കുമെന്ന കാലാവസ്ഥാ പ്രവചനം പിഴച്ചു. കഴിഞ്ഞ ദിവസങ്ങളിൽ 37.5 ഡിഗ്രിക്കു മുകളിലെത്തിയ ചൂട് രണ്ടു ദിവസമായി 36.5 ഡിഗ്രിയിലേക്ക് താഴുകയും ചെയ്തു.
അന്തരീക്ഷ ഈർപ്പത്തിന്റെ തോത് കൂടുന്നതനുസരിച്ച് ചൂട് വരുംദിവസങ്ങളിൽ വീണ്ടും താഴാനാണ് സാധ്യത. ജനങ്ങളുടെ ആശങ്കയും ഭീതിയും അകറ്റാൻ താപനില നോക്കിനിൽക്കെ കൂടുമെന്ന സാധ്യതാ പ്രവചനം കാലാവസ്ഥാ വകുപ്പ് ഇന്നലെ പിൻവലിച്ചു.
ചൊവ്വാഴ്ച വരെ ചൂട് പെട്ടെന്ന് കൂടുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥാ വകുപ്പ് നൽകിയിരുന്നത്. അപ്രതീക്ഷിതമായി നാലു ഡിഗ്രി വരെ ചൂട് കൂടാനുള്ള സാഹചര്യം അത്യപൂർമായിരിക്കെ എന്തു മാനദണ്ഡത്തിലാണ് ജനങ്ങളെ ഭീതിയിലാഴ്ത്തിയ മുന്നറിയിപ്പുണ്ടായതെന്നു വ്യക്തമല്ല.
കേരളത്തിൽ ഇത്തരത്തിൽ പെട്ടെന്ന് ചൂട് കൂടിയാൽ കർണാടകം, തമിഴ്നാട് എന്നിവിടങ്ങളും ചൂട് കൂടേണ്ടതാണ്. അയൽസംസ്ഥാനങ്ങളിൽ ഒരിടത്തും മുന്നറിയിപ്പ് ഉണ്ടായതുമില്ല.