കൊച്ചി: ഗുരുതര കരൾരോഗം ബാധിച്ച പത്തുമാസം പ്രായമായ കുഞ്ഞിനെ തിരുവനന്തപുരത്തുനിന്ന് മൂന്നുമണിക്കൂറിൽ കൊച്ചിയിലെത്തിച്ചു.
തിരുവനന്തപുരം എസ്എടി ആശുപത്രിയിൽനിന്നു പുറപ്പെട്ട് 217 കിലോമീറ്റർ ദൂരം പിന്നിട്ടാണ് കനിവ് 108 ആന്പുലൻസ് കൊച്ചി ആസ്റ്റർ മെഡിസ്റ്റിയിലെത്തിയത്.
ആലപ്പുഴ എസ്എൽ പുരം കൊല്ലതായ് വെളിയിൽ വീട്ടിൽ സാജൻ ജോസഫ് മേരി ദന്പതികളുടെ പത്തുമാസം പ്രായമായ മകൻ ആര്യനെയാണ് ആന്പുലൻസിൽ എത്തിച്ചത്.
കുഞ്ഞിന് കാവലായി ആന്പുലൻസ് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ വി.എസ്. വൈശാഖ്, പൈലറ്റ് രാജേഷ് കുമാറും കൂടെയുണ്ടായിരുന്നു.
നാലു ദിവസം മുന്പാണ് ന്യുമോണിയ ബാധയെത്തുടർന്ന് കുഞ്ഞിനെ വണ്ടാനം മെഡിക്കൽ കോളജിൽനിന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് എത്തിച്ചത്. എസ്എടി ആശുപത്രിയിലെ ഐസിയു വിഭാഗം ഡോക്ടർമാരായ ഡോ. ബിന്ദുഷ, ഡോ. ഷീജ എന്നിവരുടെ പരിശോധനകളിൽ കുഞ്ഞിന് ഗുരുതര കരൾ രോഗമുണ്ടെന്ന് കണ്ടെത്തി.
ഡോകർമാരുടെ സംഘം ആസ്റ്റർ മെഡിസിറ്റിയുമായി ബന്ധപ്പെട്ട് ശസ്ത്രക്രിയ ചെയ്യാൻ അവിടെ സംവിധാനങ്ങൾ ഒരുക്കി. ആര്യനു കരൾ പകുത്തു നൽകാൻ മാതാപിതാക്കൾ സമ്മതം അറിയിച്ചതോടെ ആംബുലൻസിനായി എസ്എടി അധികൃതർ 108 ആംബുലൻസ് കണ്ട്രോൾ റൂമിലേക്ക് ബന്ധപ്പെടുകയായിരുന്നു.
വൈകിട്ട് 5.45ന് പുറപ്പെട്ട ആന്പുലൻസ് 8.50ന് കൊച്ചിയിലെത്തി. ഗുരുതരമായ കരൾ രോഗം ബാധിച്ച കുഞ്ഞിന് എന്ത് ചികിത്സ നൽകണമെന്ന കാര്യം വിശദമായ പരിശോധനയ്ക്കു ശേഷം തീരുമാനിക്കുമെന്ന് ആസ്റ്റർ മെഡിസിറ്റി അധികൃതർ അറിയിച്ചു.
കരൾ മാറ്റം അടിയന്തിരമായി നടത്തണോ എന്നും ഇതിന് ശേഷമേ തീരുമാനിക്കൂവെന്നും ആശുപത്രി അധികൃതർ അറിയിച്ചു.