ചാലക്കുടി: സ്ത്രീധന പീഡനത്തെത്തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ. ഭർത്താവ് ഞെള്ളൂർ അനന്തപുരത്ത് വീട്ടിൽ ശ്രാവൺ (26), മാതാവ് രതി (55) എന്നിവരെയാണ് ചാലക്കുടി ഡിവൈഎസ്പി സി.ആർ. സന്തോഷ് അറസ്റ്റു ചെയ്തത്.
ഞെള്ളൂർ സ്വദേശിയും രണ്ടുകുട്ടികളുടെ മാതാവുമായ 22 വയസുകാരി ആത്മഹത്യ ചെയ്ത കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ജനുവരി 17നാണ് സംഭവം ഉണ്ടായത്ത്.
വിവാഹത്തിനുശേഷം ഭർതൃവീട്ടിൽ നാലുവർഷത്തോളം താമസിച്ച യുവതി മരിക്കുന്നതിനു മുന്പ് ഭർത്താവിനും മാതാവിനും എതിരെ അയച്ച ഒരു സന്ദേശമാണ് കേസിൽ വഴിതിരിവായത്.
തുടർന്നുള്ള അന്വേഷണത്തിലാണ് വെള്ളിക്കുളങ്ങര മോനടിയിൽ ഒരു ബന്ധുവിട്ടിൽനിന്നും ഇവരെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
പുതുക്കാട് എസ്ഐ സുരേഷ്, കൊരട്ടി എസ്ഐ ജോൺസൺ, എഎസ്ഐമാരായ ടി.ബി. സുനിൽകുമാർ, സതീശൻ മടപ്പാട്ടിൽ, വനിത പോലീസ് ഓഫീസർമാരായ പി. സുനിത, എസ്. ഷീബ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.