സ്വന്തം ലേഖകന്‍
നെയ്യാറ്റിന്‍കര: വിവാഹ വാർഷിക ദിനത്തിൽ രക്തദാനം നിര്‍വഹിച്ച് സമാന്തര വിദ്യാഭ്യാസ മേഖലയിലെ അധ്യാപകന്. കോട്ടുകാൽ മണ്ണക്കല്ലില്‍ ഷാബുഭവനിൽ ഷിബുവാണ് ഭാര്യ സൗമ്യയുമായെത്തി രക്തം ദാനം ചെയ്തത്.
മണ്ണക്കല്ല് ഫ്രണ്ട്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഓൾ കേരളാ ബ്ലഡ് ഡോണേഴ്സ് സൊസൈറ്റിയുടെയും ടെറുമോ പെൻപോളിന്റെയും സഹകരണത്തോടെ മണ്ണക്കല്ല് ശിശുമന്ദിരത്തിനു സമീപമായിരുന്നു രക്തദാന ക്യാമ്പ്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ബ്ലഡ് ബാങ്ക് ജീവനക്കാരാണ് ക്യാമ്പിന് നേതൃത്വം നൽകിയത്.
ഈ ദിവസം തങ്ങളുടെ വിവാഹ വാര്‍ഷിക ദിനമായതിനാല്‍ സാമൂഹ്യപ്രതിബദ്ധതയോടെ ഒരു ശ്രേഷ്ഠകര്‍മം നിര്‍വഹിക്കണമെന്ന് ഷിബുവും സൗമ്യയും തീരുമാനിച്ചു.
രക്തദാനം ജീവദാനം എന്ന മഹത്തായ ആശയത്തെ നെഞ്ചേറ്റുന്ന ഷിബുവിന്റെ നന്മയ്ക്ക് സൗമ്യയും കൂട്ടു ചേര്‍ന്നപ്പോള്‍ സമൂഹത്തിനാകെ മേന്മ പകരുന്ന സന്ദേശമായി.
18 വയസു മുതൽ ഷിബു രക്തദാനം ചെയ്യാറുണ്ട്. ബിരുദ വിദ്യാര്‍ഥിയായിരിക്കെ പാരലൽ കോളജിലെ തന്റെ അധ്യാപകന്റെ പിതാവിനു വേണ്ടിയാണ് ഷിബു ആദ്യമായി രക്തം നൽകിയത്.
വിവാഹ വാര്‍ഷിക ദിനത്തിലെ രക്തദാന കര്‍മം കൂടിയായതോടെ മുപ്പതാമത്തെ തവണ പൂര്‍ത്തിയാക്കി. മണ്ണിനെയും കാര്‍ഷികരംഗത്തെയും സ്നേഹിക്കുന്ന ഷിബു മരച്ചീനിയും വാഴയും കൃഷി ചെയ്യുന്നു.
വീടിന്റെ മുറ്റത്തും മട്ടുപ്പാവിലും വൈവിധ്യമാര്‍ന്ന പച്ചക്കറികളുടെ കൃഷിയുമുണ്ട്. തൊഴുത്തില്‍ പത്തു പശുക്കളെ പരിപാലിക്കുന്നതും ഷിബുവിന്റെ ദിനചര്യകളില്പ്പെടുന്നതാണ്.
വളർത്തുമൃഗങ്ങളോട് സ്നേഹമുള്ള ഷിബു ഇരുപതോളം നായ്ക്കളുടെയും സംരക്ഷകനാണെന്നതും യാഥാര്‍ഥ്യം. നാലരവയസുള്ള ഏക മകനെയും രക്തദാനത്തിന്റെ മഹത്വം ബോധ്യപ്പെടുത്തണമെന്നും ബി എഡ് ബിരുദധാരികളായ ഷിബുവും സൗമ്യയും ഉറപ്പിച്ചിട്ടുണ്ട്.