തിരുവനന്തപുരം: ഇടതുമുന്നണി മന്ത്രിസഭ ഏറെ കൊട്ടിഘോഷിച്ചു നടത്തുന്ന ലോക കേരള സഭയുടെ ചെലവുകൾ പുറത്തു വന്നു. സഭയിൽ പങ്കെടുക്കാനെത്തിയവരുടെ താമസത്തിനും ഭക്ഷണത്തിനുമായി മാത്രം ഒരു കോടി രൂപ ചെലവായതായി വിവരാവകാശ രേഖ.
ഭക്ഷണം നൽകിയതതിനു മാത്രം 60 ലക്ഷമാണ് ചെലവായത്. സമ്മേളനത്തിനെത്തിയ പ്രതിനിധികളെല്ലാം ആഡംബര ഹോട്ടലുകളിലാണ് താമസിച്ചത്.
ഭരണപക്ഷ എംഎൽഎമാർ, എംപിമാർ എന്നിവർക്കുപുറമേ 178 പ്രവാസി പ്രതിനിധികളുമാണ് ജനുവരി ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ നടന്ന ലോകകേരള സഭയിൽ പങ്കെടുത്തത്. കോവളത്തെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിനായിരുന്നു ഭക്ഷണവിതരണത്തിന്റെ ചുമതല.
ഭക്ഷണ ബില്ലിലെ തുക കൂടുതലാണെന്ന് ഡിസംബർ 20ന് ചേർന്ന ഉന്നതാധികാരി സമിതി വിലയിരുത്തിയിരുന്നു. തുടർന്ന് ഹോട്ടൽ അധികൃതരുമായി ചർച്ച നടത്തിയാണ് 59, 82, 600 എന്ന് നിജപ്പെടുത്തിയത്.
ഗസ്റ്റ്ഹൗസിനും റസ്റ്റ്ഹൗസിനും പുറമേ നഗത്തിലെ ഏഴു ഹോട്ടലുകളിലാണ് പ്രതിധികൾക്ക് താമസസൗകര്യം ഒരുക്കിയത്. താമസ ബില്ലിനു മാത്രം 23, 42, 725 രൂപയാണ് ചെലവായതെന്നും രേഖകൾ വ്യക്തമാക്കുന്നു. ലോക കേരള സമ്മേളനം ധൂർത്തെന്നാരോപിച്ച് പ്രതിപക്ഷം ഇതു ബഹിഷ്കരിച്ചിരുന്നു.