അങ്കമാലി: സംസ്ഥാന ലൈഫ് പദ്ധതിയിലൂടെ നാലരലക്ഷത്തോളം പേർക്ക് വീടുവച്ചു നൽകാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലൈഫ് ഭവന നിർമാണ പദ്ധതിയുടെ ജില്ലാതല താക്കോൽവിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
എല്ലാ പ്രദേശങ്ങളും ഒരുപോലെ വികസിക്കുമ്പോൾ മാത്രമാണ് സംസ്ഥാന വികസനം പൂർണമാകൂ. ഇപ്പോൾ ഗുണഭോക്താക്കളായി കണ്ടെത്തിയവരെ കൂടാതെ വീടില്ലാത്തവരുടെ പ്രശ്നം ഉയർന്നു വരുന്നുണ്ട്. ഇക്കാര്യം ഒറ്റയടിക്ക് തള്ളിക്കളയാനാവില്ല. ഇപ്പോൾ തുടങ്ങിയ പദ്ധതിയുടെ പിന്നാലെ അതിന്റെ പരിശോധനയിലേക്കു കടക്കും.
വിവിധ വകുപ്പുകളിലൂടെ നടപ്പാക്കുന്ന ഭവന നിർമാണ പദ്ധതികൾ ഏകോപിപ്പിച്ച് ഒരു പദ്ധതിയാക്കി നടപ്പാക്കുമ്പോൾ വീടുണ്ടാകുയെന്ന കൂടുതൽ ആളുകളുടെ സ്വപ്നം യാഥാർഥ്യമാക്കാൻ കഴിയുന്നു. വീടു നിർമാണം തുടങ്ങി പാതിവഴിക്കു നിന്നുപോയവരെയാണ് ലൈഫ് പദ്ധതിയുടെ ഭാഗമായി ആദ്യമെടുത്തത്.
ഇതിൽ 54183 കുടുംബങ്ങളിൽ 96 ശതമാനം പൂർത്തിയായി. വീടുനിർമിക്കാനുള്ള സാങ്കേതിക പ്രശ്നങ്ങൾ ഉള്ളതാണ് പൂർത്തിയാകാത്തത്. സ്വന്തമായി ഭൂമിയുള്ളവർക്ക് വീടിനുവേണ്ടി 91147 ഗുണഭോക്താക്കളുണ്ട്. ഇതിൽ 60524 വീടുകൾ പൂർത്തിയാക്കി. ബാക്കിയുള്ള 30623 വീടുകളുടെ 90 ശതമാനം നിർമാണവും പൂർത്തിയായി.
സംസ്ഥാനത്താകെ 75887 പിഎംഎവൈ അപേക്ഷകരാണ് നഗരത്തിലുള്ളത്. നഗരത്തിൽ 28334പൂർത്തിയായി. 22000 വീട് ഏതാനും ആഴ്ചകൾക്കുള്ളിൽ പൂർത്തിയാക്കും. പിഎംഎവൈ കൂടുതൽ തുകയും ലൈഫ് പദ്ധതിയുടെ ഭാഗമാക്കിയാണ് കൊടുക്കുന്നത്. ഭൂരഹിതരും ഭവനരഹിതരും ആയിട്ടുള്ളവർക്കായി 10 ജില്ലകളിലായി 10 ഫ്ലാറ്റ് സമുച്ചയം പൂർത്തിയാക്കും.
ലൈഫ് പദ്ധതി ഇവയെല്ലാം സമയബന്ധിതമായി പൂർത്തീകരിക്കാൻ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭവന നിർമാണ പദ്ധതിയുമായി സഹകരിക്കുന്ന സന്നദ്ധ സംഘടനകളേയും യുവജന സംഘടനകളേയും മുഖ്യമന്ത്രി അഭിനന്ദിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു.
ബെന്നി ബഹനാൻ എംപി, റോജി എം.ജോൺ എംഎൽഎ, നഗരസഭ അധ്യക്ഷ എം.എ.ഗ്രേസി, വൈസ് ചെയർമാൻ എം.എസ്.ഗിരീഷ്കുമാർ, സെക്രട്ടറി ബീന എസ്.കുമാർ, ലൈഫ് മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഏണസ്റ്റ് തോമസ്, ബാംബു കോർപറേഷൻ ചെയർമാൻ കെ.ജെ.ജേക്കബ്, ടെൽക് ചെയർമാൻ എൻ.സി.മോഹനൻ, മുൻ മന്ത്രി ജോസ് തെറ്റയിൽ, സ്ഥിരം സമിതി അധ്യക്ഷന്മാരായ ലില്ലി വർഗീസ്, വിനീത ദിലീപ്, പുഷ്പ മോഹൻ, കെ.കെ.സലി,ഷോബി ജോർജ്, യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ റീത്താ പോൾ, കൗൺസിലർമാരായ ലേഖ മധു, ബിജു പൗലോസ്, വ്യാപാരി സംഘടനാ പ്രസിഡന്റുമാരായ എൻ.വി.പോളച്ചൻ, ഡേവിസ് പാത്താടൻ, പി.കെ.പുന്നൂസ്, മുൻസിപ്പൽ എൻജിനീയർ എസ്.ഷീല, ഗ്രേസി ദേവസി, എം.കെ.റോയ്, ബാസ്റ്റിൻ ഡി.പാറയ്ക്കൽ, ലോനപ്പൻ മാടശേരി, ജെറിൻ ജോസ് എന്നിവർ പ്രസംഗിച്ചു.