സ്വന്തം ലേഖകന്‍
തൃശൂര്‍: പുലിമടയില്നിന്നു പോലീസിലേക്ക് 23 പേര്. അയ്യന്തോള്‍ ദേശം പുലിക്കളി സംഘാടക സമിതി നടത്തുന്ന സൗജന്യ പിഎസ്സി പരിശീലന ക്ലാസില്‍നിന്നു കേരള പോലീസിലേക്ക് 23 പേര് ചുവടുവച്ചപ്പോള്‍ അത് അയ്യന്തോള്‍ ദേശം പുലിക്കളി സംഘാടക സമിതിക്ക് അഭിമാനത്തിനു വകയായി.
2017 ഒക്ടോബറിലാണ് അയ്യന്തോള്‍ കര്ഷകനഗറിലെ സംഘാടകസമിതിയുടെ പുലിമടയില്‍ ക്ലാസ് തുടങ്ങിയത്. അയ്യന്തോള്‍ ദേശം പുലിക്കളിയുടെ മുഖ്യരക്ഷാധികാരിയായ അഡ്വ.ജോയ് സെബാസ്റ്റിയന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തായിരുന്നു ക്ലാസ്.
ജോയ് സെബാസ്റ്റിയന് തന്റെ സ്ഥലം പരിശീലനക്ലാസിനായി സൗജന്യമായി വിട്ടുനല്‍കുകയായിരുന്നു. 24 പേരാണ് ആ ബാച്ചില്‍നിന്നു സര്‍ക്കാര്‍ സര്‍വീസിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. 23 പേര് പോലീസിലേക്കും ഒരാള്‍ സെക്രട്ടേറിയറ്റിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.
പോലീസിലേക്കു തെരഞ്ഞെടുക്കപ്പെട്ട 23 പേര് ഇന്നലെ രാവിലെ പാലക്കാട് മുട്ടിക്കുളങ്ങരയിലുള്ള പോലീസ് ക്യാമ്പില്‍ റിപ്പോര്‍ട്ടു ചെയ്തുകഴിഞ്ഞു. ഇനിയവര്‍ക്കു പരിശീലനത്തിന്റെ നാളുകളാണ്.
പുലിമടയില്നിന്നും പോലീസ് സേനയിലേക്ക് എത്തിയ 23 പേരും നാലോണനാളില്‍ തൃശൂരിനെ ത്രസിപ്പിക്കുന്ന പുലിക്കളിയുടെ ചുക്കാന്‍ പിടിക്കുന്നവരാണ്.
എന്നാല്‍ പുലിവേഷമണിയുന്നവര് ഇക്കൂട്ടത്തിലില്ല. പുലിക്കൊട്ടു കൊട്ടുന്നവരും പുലിവരയിലെ കേമന്മാരും ചമയങ്ങള്‍ ഒരുക്കുന്നവരും വടംപിടിക്കുന്നവരുമെല്ലാം കൂട്ടത്തിലുണ്ട്. അയ്യന്തോളിലും പരിസരത്തുമുള്ളവര്തന്നെയാണ് ഇവരെല്ലാം. ഫിസിക്കല്‍ ടെസ്റ്റിന്റെ ചില പരിശീലനങ്ങള്‍ അയ്യന്തോള്‍ ഗ്രൗണ്ടിലും നടത്തി.
വനിതാ പോലീസുകാരുടെ റിസള്‍ട്ട് വരാനിരിക്കുന്നതേയുള്ളു. തങ്ങളുടെ പുലിമടയില്‍നിന്ന് വനിതാപോലീസിലേക്കും സാന്നിധ്യമുണ്ടാകുമെന്നതില് ഇവര്‍ക്കു യാതൊരു സംശയവുമില്ല.
ഓണക്കാലത്തു പുലിക്കളി നടത്തി അതില്‍മാത്രം ഒതുങ്ങാതെ സമൂഹത്തിനും യുവതലമുറയ്ക്കും ഉപയോഗപ്രദമാകുന്ന രീതിയില്‍ എന്തെങ്കിലും ചെയ്യുകയെന്ന ലക്ഷ്യം സാക്ഷാത്കരിച്ചതിന്റെ ആഹ്ലാദത്തിലാണ് അയ്യന്തോള്‍ ദേശം പുലിമട.