കൊടകര: മുക്കാലേക്കറോളം വരുന്ന നിലത്തിൽ ഒറ്റക്ക് നെൽകൃഷി ചെയ്ത് നൂറുമേനി വിജയം കൊയ്യാനൊരുങ്ങുകയാണ് കൊടകര വട്ടേക്കാടുള്ള വയോധിക തങ്ക. എഴുപതിനോടടുത്തിട്ടും നെൽകൃഷിയോടുള്ള ആഭിമുഖ്യം കൈവിടാൻ തങ്കക്കാവുന്നില്ല. കൊടകര പഞ്ചായത്തിലെ വട്ടേക്കാട് പരേതനായ പൊറുത്തൂക്കാരൻ ശ്രീധരന്റെ ഭാര്യയാണ് 68 കാരിയ തങ്ക.
ഭർത്താവ് മരിച്ചുപോയ ഇവർക്ക് കൂട്ടായുള്ളത് മകനും കുടുംബവുമാണ്. സ്വന്തമായി നിലവും കൃഷിയും ഇല്ലെങ്കിലും നെൽകൃഷിയോട് ഇവർക്ക് പ്രിയമേറെയാണ്. ചെറുപ്പം മുതലേ നടീൽ, കളപറിക്കൽ, കൊയത്ത്, മെതി തുടങ്ങിയ കാർഷിക പണികൾക്ക് പോകുന്ന ഇവർ നിലം പാട്ടത്തിനെടുത്താണ് നെൽകൃഷിയിറക്കിയിരിക്കുന്നത്.
ചാറ്റിലാംപാടം കർഷക സമിതിക്കു കീഴിലുള്ള മാക്കാച്ചിപ്പാടത്തെ ആറുപറനിലത്തിലാണ് ഇവർ ഒറ്റക്ക് മുണ്ടകൻ കൃഷി ചെയ്തത്. നവരത്ന ഇനത്തിലുള്ള വിത്താണ് കൃഷിക്കുപയോഗിച്ചിട്ടുള്ളത്. ഉഴവു യന്ത്രം കൊണ്ടു വന്നു നിലൊരുക്കിയതൊഴിച്ചാൽ നടീൽ, കളപറിക്കൽ, വളപ്രയോഗം തുടങ്ങി തുടർന്നുള്ള പണികളെല്ലാം തങ്ക ഒറ്റക്കാണ് ചെയ്തത്.
ദിവസവും പുലർച്ചെ പാടത്തെത്തുന്ന തങ്ക എട്ടര വരെ നെൽച്ചെടികളുടെ പരിചരണത്തിൽ മുഴുകും. കഴിഞ്ഞ അഞ്ചുവർഷത്തോളമായി തങ്ക നിലം പാട്ടത്തിനെടുത്ത് നെൽകൃഷി നടത്തിവരുന്നുണ്ട്. നേരത്തെ രണ്ടേക്കറോളം നിലം ഇങ്ങനെ ഒറ്റക്ക് കൃഷി ചെയ്തിരുന്നു. പ്രായാധിക്യം മൂലമാണ് കഴിഞ്ഞ രണ്ടുവർഷമായി കൃഷി ആറുപറ നിലത്തിലേക്കൊതുക്കിയത്.
മാക്കാച്ചി പാടത്ത് തങ്ക വിളയിച്ചെടുത്ത നെൽകൃഷി കൊയത്തിനു പാകമായി നിൽക്കുകയാണിപ്പോൾ. ആരോഗ്യം അനുവദിക്കുന്നിടത്തോളം കാലം നെൽകൃഷി ചെയ്യുന്നത് തുടരാൻ തന്നെയാണ് ഈ വയോധികയുടെ തീരുമാനം. കുടുംബശ്രീക്കു കീഴിലുള്ള ജെഎൽജി ഗ്രൂപ്പിൽ അംഗമായ തങ്ക മറ്റ് ഗ്രൂപ്പംഗങ്ങളുമായി സഹകരിച്ച് പച്ചക്കറി കൃഷിയും ചെയ്തുവരുന്നുണ്ട്.