കോട്ടയം: ഏതെങ്കിലുമൊരു കോടതി പറഞ്ഞാൽ എടുത്തൊഴിവാക്കാൻ പറ്റുന്നതല്ല സംവരണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സംവരണം കൊണ്ട് ഉദ്ദേശിച്ച ഫലത്തിലേക്കു പിന്നാക്ക സമൂഹം ഇപ്പോഴും എത്തിയിട്ടില്ലെന്നും കേരളത്തിൽ ചാതുർവർണ്യ വ്യവസ്ഥ തിരിച്ചുകൊണ്ടു വരാനാണു ശ്രമമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംവരണം ഒഴിവാക്കാനാവില്ല എന്നതാണ് സർക്കാരിന്റെയും ഇടതു മുന്നണിയുടെയും നിലപാട്. കേരളത്തിൽ ചാതുർവർണ്യ വ്യവസ്ഥ തിരിച്ചുകൊണ്ടു വരാനാണു ശ്രമം. നവോത്ഥാനകാലം ഉയർത്തിപ്പിടിച്ച ആശയങ്ങളെ തമസ്കരിക്കാനും നാടിനെ ഇരുണ്ട കാലത്തേക്കു തള്ളിയിടാനും ചില ശക്തികൾ ബോധപൂർവം ശ്രമിക്കുന്നുണ്ട്.
എല്ലാത്തരം സംവാദങ്ങളേയും അടച്ചുവയ്ക്കാനുള്ള ശ്രമമുണ്ടാകുന്നു. കുഴിച്ചു മൂടിയ ജീർണതകളെ ഉയർപ്പിക്കാൻ ശ്രമം നടക്കുകയാണ്. ഇതു വർഗീയ ശക്തികളുടെ കുടില ബുദ്ധിയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പ്രത്യക്ഷ രക്ഷാ ദൈവസഭാ സ്ഥാപകൻ പൊയ്കയിൽ ശ്രീ കുമാരഗുരുദേവന്റെ നൂറ്റിനാൽപ്പത്തി രണ്ടാം ജൻമദിന മഹോത്സവം തിരുവല്ലയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.