‘എരുമേലി: ഒരുമിച്ചു താമസിച്ചിരുന്ന യുവാവിനൊപ്പം തീപ്പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. റാന്നി അടിച്ചിപ്പുഴ സ്വദേശിനി വിനീതയാ(40)ണു മരിച്ചത്.
യുവതിയുടെ മരണ മൊഴിയുടെ അടിസ്ഥാനത്തിൽ പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന യുവാവിനെതിരേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എരുമേലി ശ്രീനിപുരം നാല് സെന്റ് കോളനി തഴക്കവയലിൽ മനുവി(35)നെതിരെയാണു കേസെടുത്തത്.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മനുവിന്റെ ആരോഗ്യനിലയിൽ പുരോഗതി ഇല്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ഇരുവർക്കും ഞായറാഴ്ച രാത്രിയിലാണു പൊള്ളലേറ്റത്.
ഭർത്താവുമായി അകന്നു കഴിയുന്ന വിനീതയും ഭാര്യയുമായി അകൽച്ചയിലായ മനുവും ഇയാളുടെ ശ്രീനിപുരത്തെ വീട്ടിൽ ഒരുമിച്ചായിരുന്നു താമസം. ഇവർ തമ്മിൽ വഴക്ക് പതിവായിരുന്നെന്ന് നാട്ടുകാർ പറയുന്നു.
കഴിഞ്ഞ ഞായറാഴ്ച രാത്രിയിൽ മദ്യപിച്ചെത്തിയ മനു ഉപദ്രവിച്ചപ്പോൾ താൻ സ്വയം മണ്ണെണ്ണ ഒഴിച്ചെന്നും ഇതുകണ്ട് മനുവും സ്വയം മണ്ണെണ്ണ ഒഴിക്കുകയും തുടർന്ന് ഇരുവരുടെയും ദേഹത്തേക്ക് തീ കൊളുത്തിയെന്നും ഇരുവർക്കും അങ്ങനെ പൊള്ളലേറ്റെന്നുമാണ് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽവച്ച് വിനീത മൊഴി നൽകിയതെന്ന് ഡോക്ടർമാർ പോലീസിനോട് പറഞ്ഞു.
വിനീതയ്ക്ക് 90 ശതമാനവും മനുവിന് 50 ശതമാനവുമാണു പൊള്ളലേറ്റത്. ഇന്നു പോസ്റ്റ്മോർട്ടം നടത്തിയശേഷം വിനീതയുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. മനുവിനെതിരെ കൊലപാതക ശ്രമത്തിനാണു കേസ്. എരുമേലി സ്റ്റേഷൻ ഹൗസ് ഓഫീസർ കെ. മധുവിന്റെ നേതൃത്വത്തിലാണ് പോലീസ് അന്വേഷണം.