വെഞ്ഞാറമൂട്: ലോഡ്ജിൽ മുറിയെടുത്തശേഷം ടിവിയുമായി മുങ്ങിയ യുവാവ് സിസിടിവി കാമറയിൽ കുടുങ്ങി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.വെഞ്ഞാറമൂട് എ.ബി. റസിഡൻസിയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
വ്യാഴാഴ്ച വൈകുന്നേരം ലോഡ്ജിൽ എത്തിയ യുവാവ് മുറി എടുത്ത് താമസിക്കുകയായിരുന്നു. ശനിയാഴ്ച പുറത്തു പോയ ഇയാൾ തിരിച്ചു വരാത്തതിനെ തുടർന്ന് ലോഡ്ജ് ജീവനക്കാർ നടത്തിയ പരിശോധനയിലാണ് മുറിയിൽ ഉണ്ടായിരുന്ന ടിവി നഷ്ടപ്പെട്ട വിവരം അറിയുന്നത്.
തുടർന്ന് കാമറ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് താമസക്കാരനായ യുവാവ് ബിഗ്ഷോപ്പറിൽ ടിവിയുമായി പോകുന്ന ദൃശ്യങ്ങൾ ലഭിച്ചത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ വെഞ്ഞാറമൂട് പോലീസ് അന്വേഷണം ആരംഭിച്ചു.