ഗാന്ധിനഗർ: എച്ച്ഡിഎസ് വിഭാഗം ജീവനക്കാർ യൂണിഫോം ധരിക്കുന്നില്ലെന്ന് ആക്ഷേപം. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആശുപത്രി വികസന സമിതി നിയമിച്ചിട്ടുള്ള ചുരുക്കം ചില ജീവനക്കാർ ഒഴിച്ച് ഭൂരിപക്ഷം ജീവനക്കാരും യൂണിഫോം ധരിക്കുന്നില്ലെന്ന് ആക്ഷേപം.
സ്ഥിരം ജീവനക്കാർ, താത്കാലിക വിഭാഗം, എച്ച്ഡിഎസ്, കുടുംബശ്രീ എന്നീ നാലു വിഭാഗങ്ങളിലൂടെ പ്രവേശിച്ചവരാണ് ജോലി ചെയ്യുന്നത്. സ്ഥിരം ജീവനക്കാരിൽ ചിലർ യൂണിഫോം ധരിക്കുന്നില്ലെന്ന് എച്ച്ഡിഎസ് ജീവനക്കാരും പറയുന്നു.
മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാർ, മെഡിക്കൽ വിദ്യാർഥികൾ, നഴ്സുമാർ, എക്സ്റേ, ഇസിജി, ലാബ് തുടങ്ങിയ പാരാമെഡിക്കൽ ജീവനക്കാർ ഇവരിൽ ഭൂരിപക്ഷം പേരും യൂണിഫോം ധരിക്കുന്നില്ല. യൂണിഫോം ധരിക്കുന്നതിനുള്ള അലവൻസ് കൈപ്പറ്റുന്നുമുണ്ട്.
നഴ്സുമാർ, നഴ്സിംഗ് അസിസ്റ്റന്റുമാർ, അറ്റന്റഡന്റുമാർ താത്കാലിക വിഭാഗം, കുടുംബശ്രീക്കാർ എന്നിവർ മാത്രമാണ് യൂണിഫോം ധരിച്ച് ഡ്യൂട്ടി ചെയ്യുന്നത്. യൂ ണിഫോം ധരിച്ച് ഡ്യൂട്ടി ചെയ്യണമെന്നാണ് ചട്ടം.
ഡോക്ടർമാർ അടക്കം ചട്ടവിരുദ്ധമായാണ് യൂണിഫോമിന്റെ കാര്യത്തിൽ നിലപാട് എടുക്കുന്നത്. യൂണിഫോം ധരിക്കാത്തതുമൂലമാണ് വ്യാജ ഡോക്ടർമാരും ജീവനക്കാരും ഉണ്ടാകുന്നതെന്നും അതിനാൽ ഡോക്ടർമാർ അടക്കമുള്ള എല്ലാ വിഭാഗം ജീവനക്കാരും യൂണിഫോം ധരിക്കുവാൻ അധികൃതരുടെ ഇടപെടൽ വേണമെന്നുമാണ് ആവശ്യം.