കൊച്ചി: കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞവരില്‍ 14 പേരെ നിരീക്ഷണ പട്ടികയില്‍നിന്ന് ഒഴിവാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ചതിനെത്തുടര്‍ന്നാണ് ഇത്രയുംപേരെ നിരീക്ഷണത്തില്‍നിന്ന് ഒഴിവാക്കിയത്.
അതിനിടെ, കഴിഞ്ഞ 28 ദിവസത്തിനുള്ളില്‍ ചൈനയിലെ രോഗബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങിവന്ന ഒന്‍പത് പേരെ കൂടി മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സ്വന്തം വീടുകളില്‍ തന്നെ കഴിയാന്‍ ആവശ്യപെട്ടിട്ടുണ്ട്. ഇതോടെ, ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ള ആളുകളുടെ എണ്ണം 323 ആയി.
നിരീക്ഷണത്തിലുള്ളവരില്‍ രോഗലക്ഷണങ്ങള്‍ ഒന്നുമില്ലെന്നും കളമശേരി മെഡിക്കല്‍ കോളജിലെ ഐസോലേഷന് വാര്‍ഡില്‍ ആരും നിരീക്ഷണത്തിലില്ലെന്നും അധികൃതര്‍ അറിയിച്ചു. ജില്ലയില്‍നിന്നും ആലപ്പുഴ എന്‍ഐവിയിലേക്ക് ഇന്നലെ രണ്ടു സാമ്പിളുകള്‍ കൂടി അയച്ചു.
അതിനിടെ, കണ്ട്രോള് റൂമിന്റെ സേവനങ്ങള്‍ ഇനി മുതല്‍ 0484 2368802 എന്ന നമ്പറില്‍ മാത്രമേ ലഭ്യമാകുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. കൊറോണ കണ്ട്രോള് റൂമിലേക്ക് ഇന്നലെ 19 കോളുകള്‍ ലഭിച്ചു.
ഡല്‍ഹിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നവര്‍ നാട്ടില്‍ എത്തുമ്പോള്‍ പാലിക്കേണ്ട രീതികളെക്കുറിച്ച് അറിയാനും നിരീക്ഷണകാലവധി എത്രയാണെന്നും രക്ഷകര്‍ത്താക്കള്‍ നിരീക്ഷണത്തിലായതിനാല്‍ കുട്ടികളെ സ്കൂളില്‍ വിടാമോ എന്ന് അന്വേഷിച്ചും വിളികളെത്തി.
കണ്ട്രോള് റൂമിലുള്ള മെഡിക്കല്‍ ഓഫീസര്‍മാരും കൗണ്‍സിലര്‍മാരും ആശങ്കകള്‍ അകറ്റുകയും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ബോധവത്ക്കരണ ക്ലാസുകള്‍ ജില്ലയില്‍ തുടരുകയാണ്.
ഇന്നലെ പറവൂര്‍ നഗരസഭ പ്രദേശത്ത് പൊതുജനങ്ങള്‍ക്കായി പ്രത്യേകം ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു.