ശ്രീകൃഷ്ണപുരം: ഭരണമാറ്റം ഉണ്ടായി നാലുമാസം തികയുംമുമ്പേ കരിമ്പുഴ ഗ്രാമപഞ്ചായത്ത് ഭരണസമിതി വ്യാപകമായി പണപ്പിരിവ് നടത്തുന്നതായി പരാതി. സിപിഎം നേതൃത്വം നല്കുന്ന ഭരണസമിതി യുടെ നേതൃത്വത്തിലാണ് പണപ്പിരിവ് കൊഴുക്കുന്നത്.
കരാറുകാരെ ബില്ലുകള്‍ നല്‍കില്ലെന്നു പറഞ്ഞു ഭീഷണിപ്പെടുത്തുന്നതിന് പുറമെ പിച്ചച്ചട്ടിയിലും കൈയിട്ടുവാരാനുള്ള ശ്രമമാണ് കഴിഞ്ഞദിവസം നടന്നത്. കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ നിലവിലെ വൈസ് പ്രസിഡന്റ് പി.രാജരത്നമാണ് പാവപ്പെട്ട കടയുടമകളില്‍നിന്ന് പണം ആവശ്യപ്പെട്ട് ഭരണസമിതിക്കായി ഭീഷണിയുമായി വന്നത്.
പണം നല്‍കിയില്ലെങ്കില്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റിലെ ഉദ്യോഗസ്ഥരോട് നോട്ടീസ് നല്കാന് ആവശ്യപ്പെടുമെന്ന് പറഞ്ഞാണ് പഞ്ചായത്തിലെ കരിയോട് ഓഡിറ്റോറിയത്തിന്റെ മാനേജരെ ഭീഷണിപ്പെടുത്തുന്നത്.
മാനേജറെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ചെറുകിട നാമമാത്ര കടക്കാരെയും വിവിധ ആവശ്യങ്ങള്‍ പറഞ്ഞു ഭീഷണിപ്പെടുത്തിയതായും പറയുന്നു. ബിജെപിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയ അംഗം കരാറുകാരില്‍നിന്ന് ലക്ഷങ്ങള്‍ വാങ്ങിയതായും ആരോപണമുണ്ട്.
പി.രാജരത്നം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കൈപ്പത്തി അടയാളത്തില്‍ വിജയിച്ച് പിന്നീട് സി.പി.എമ്മിനൊപ്പം ചേരുകയായിരുന്നു. പി.രാജരത്നം ഉള്‍പ്പെടെ നാലുപേര്‍ക്ക് വിപ്പ് ലംഘനവുമായി ബന്ധപ്പെട്ട കേസ് ഇലക്ഷന് കമ്മീഷന്റെ പരിഗണനയിലാണ്.