കൊല്ലം: മയ്യനാട് ആലുംമൂട് നന്ദനത്തിൽ വൃക്ക രോഗിയായ രാധാകൃഷ്ണനെയും ഭാര്യയെയും മകനെയും ഗുണ്ടകൾ വീടുകയറി ആക്രമിച്ചതായി പരാതി.
അഞ്ചു വർഷങ്ങൾക്ക് മുമ്പ് ഒരു ധനകാര്യ സ്ഥാപനത്തിലെ ചിട്ടിയുമായി ബന്ധപ്പെട്ട് രാധാകൃഷ്ണന്റെ വസ്തുവിന്റെ പേരിൽ തട്ടിപ്പ് നടത്തിയ വ്യക്തിയുടെയും കൂട്ടരുടെയും പേരിൽ സമൻസ് വന്നതുമായി ബന്ധപ്പെട്ടാണ് ഗുണ്ടാ ആക്രമണം ഉണ്ടായത്.
മാരകായുധങ്ങളുമായി ബൈക്കിലെത്തിയ നാലു ഗുണ്ടകളാണ് പാതിരാത്രി വീട്ടിൽ കയറി അസഭ്യം പറയുകയും ഉപദ്രവിക്കുകയും ചെയ്തത്.
രാധാകൃഷ്ണന്റെ ഭാര്യ പോലീസിൽ വിളിച്ചതോടെ കടന്നു കളഞ്ഞ ഇവരിൽ രണ്ടു പേർ പോലീസ് എത്തി കാര്യം ചോദിച്ചറിയുന്നതിന് ഇടയിൽ വീണ്ടും തിരിച്ചെത്തി രാധാകൃഷ്ണനെയും കുടുംബത്തെയും അസഭ്യം പറയാൻ തുടങ്ങി. തുടർന്ന് പ്രതികളെ പോലീസ് പിടികൂടി കേസ് ഫയൽ ചെയ്തു.
എന്നാൽ മറ്റു രണ്ടു പ്രതികളെ ഇതുവരെ കണ്ടെത്തുകയോ ഗുണ്ടകളെ അയച്ചവർക്ക് എതിരെ നടപടികൾ സ്വീകരിക്കുകയാേ ചെയ്തിട്ടില്ലെന്ന് രാധാകൃഷ്ണന്റെ ഭാര്യ പ്രവീണ പറഞ്ഞു. പ്രതികൾക്ക് എതിരെ മറ്റ് കേസുകൾ നിലവിലുണ്ട്.
വീട്ടിന് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണെന്നും പ്രതികൾക്ക് എതിരെ നിയമനടപടികൾ എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്നും അവർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.