കോഴിക്കോട്: ട്രെയിനുകളില്‍ ലക്ഷങ്ങളുടെ സ്വര്‍ണഭരണ മോഷണത്തിന് പിന്നില്‍ ഹരിയാനയില്‍ നിന്നുള്ള സംഘമെന്ന് സൂചന. ഏഴ് സംഘങ്ങളായാണ് ഹരിയാനയില്‍ നിന്നുള്ള മോഷ്ടാക്കള്‍ എത്തിയത്.
ഇവര്‍ കേരളത്തില്‍ എത്തിയതായുള്ള സൂചനകള്‍ അന്വേഷണസംഘത്തിന് ലഭിച്ചു. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും റെയില്പോലീസ് അറിയിച്ചു.
ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളില്‍നിന്ന് കഴിഞ്ഞദിവസം ഹരിയാനയില്‍ നിന്നുള്ള മോഷണസംഘത്തെ അവിടുത്തെ പോലീസ് പിടികൂടിയിരുന്നു. ബംഗളുരു പോലീസിന്റെ കസ്റ്റഡിയിലാണിവര്‍ ഇപ്പോഴുള്ളത്.
ഇവരെ ചോദ്യം ചെയ്യുന്നതുള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിച്ചുവരികയാണ്. പിടിയിലായ മോഷ്ടാക്കളെ കുറിച്ച് കോഴിക്കോട് റെയില്‍വേ എസ്ഐ ജംഷീദ് പുറമ്പാളിയും സംഘവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇതിനായി ഹരിയാന പോലീസിന്റെ സഹായവും തേടും. ട്രെയിന്‍ കവര്‍ച്ചാ കേസുകളിലെ പ്രതികളുടെ പട്ടിക കൈമാറാനും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കവര്‍ച്ചക്കാര്‍ ടിക്കറ്റെടുത്ത് യാത്രക്കാരെന്ന വ്യാജേന യാത്രചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനം.
ഇക്കഴിഞ്ഞ എട്ടിനായിരുന്നു മോഷണം. രണ്ടു തീവണ്ടികളിലെ യാത്രക്കാരില്‍നിന്നായി 15 ലക്ഷം രൂപയുടെ സ്വര്‍ണവും വജ്രവുമാണ് കവര്‍ന്നത്.
സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് റെയില്‍വേ ഡിവൈഎസ്പിയുടെ നിര്‍ദേശ പ്രകാരം റെയില്‍വേ സിഐ എം.കെ. കീര്‍ത്തിബാബു, എസ്ഐ ജംഷീദ് പുറമ്പാളിയും ചെന്നൈയിലെത്തി അനേ്വഷണം നടത്തിയിരുന്നു. ഇവര്‍ കഴിഞ്ഞ ദിവസമാണ് തിരിച്ചെത്തിയത്.
കവര്‍ച്ചനടന്ന തീവണ്ടികളിലെ ജീവനക്കാരെയും 20 യാത്രക്കാരുടെയും മൊഴി രേഖപ്പെടുത്താന്‍ റെയില്‍വേ പോലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്.
ചെന്നൈ സ്വദേശിനി പൊന്നിമാരന്‍, കാഞ്ഞങ്ങാട് പുല്ലൂര്‍ ഉദനനഗര് നെല്ലിയോടന്‍ വീട്ടില്‍ വൈശാഖ് എന്നിവരുടെ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്.