ആലപ്പുഴ: ദേശീയപാതയിലൂടെ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ പലതും റോഡിനു നടുവിൽ നിർത്തി ആളെക്കയറ്റുന്നത് അപകട സാധ്യത വർധിപ്പിക്കുന്നു. ദേശീയപാതയോരത്ത് ബസ് മാറ്റി നിർത്താൻ ആവശ്യമായ സ്ഥലം ഉള്ളിടത്തു പോലും ബസുകൾ വശങ്ങളിലേക്കു മാറ്റി നിർത്തുന്നില്ല.
ഇതുമൂലം ബസ് കാത്തു നിൽക്കുന്ന വിദ്യാർഥികൾ അടക്കമുള്ള യാത്രക്കാർ റോഡിലേക്കെത്തി വേണം ബസിൽ കയറാൻ. കയറാൻ ആളില്ലാത്ത സ്റ്റോപ്പുകളിൽ യാത്രക്കാരെ റോഡിലിറക്കി വിടുന്നതും കാണാം.
സ്റ്റോപ്പില്ലാത്ത ഇടങ്ങളിൽ ഏറെ സമയം നിർത്തിയിടുന്ന ബസുകളും കുറവല്ല.
കോടതിപാലത്തിനു സമീപമുള്ള ഷോപ്പിംഗ് കോംപ്ലക്സുകളുടെ മുന്നിൽ ഇത് പതിവുകാഴ്ചയാണ്. റോഡിൽ നിന്നിറക്കി ഒതുക്കി നിർത്തി ആളെക്കയറ്റിയ ശേഷം തിരിച്ചു റോഡിലേക്കിറക്കി വാഹനം എടുത്തു കൊണ്ടു പോകാനുള്ള ക്ഷമ പല ഡ്രൈവർമാരും കാണിക്കുന്നില്ല. ഇതുമൂലം പലപ്പോഴും ഗതാഗതതടസവും ഉണ്ടാകുന്നുണ്ട്.
നഗരത്തിനുള്ളിൽ കെഎസ്ആർടിസി ബസുകളും ഇത്തരം സമീപനം സ്വീകരിക്കുന്നുണ്ട്. വാഹനത്തിരക്ക് ഏറെയുള്ള ആലപ്പുഴയിൽ ബസ്ബേകൾ ഇല്ലാത്തതും പ്രശ്നത്തിനു കാരണമാണ്. ദേശീയപാത നവീകരണത്തിന്റെ ഭാഗമായി 16 ഇടങ്ങളിൽ പൊതു ബസ്ബേകൾ ദേശീയപാത റോഡ് വിഭാഗം നിർമിച്ചു വരികയാണ്.
കലവൂർ ബർണാഡ് ജംഗ്ഷൻ, വലിയകലവൂർ, പാതിരപ്പള്ളി, തുന്പോളി, കൊമ്മാടി, കളർകോട്, തൂക്കുകുളം, പറവൂർ, നീർക്കുന്നം, വാട്ടർ വർക്സ്, വളഞ്ഞവഴി, പായൽകുളങ്ങര, പുറക്കാട്, മാത്തേരി, ഒറ്റപ്പന, കാക്കാഴം എന്നിവിടങ്ങളിലാണ് ബസ് ബേകൾ നിർമിക്കുന്നത്.
ഇതിലൂടെ സ്റ്റോപ്പുകളിലെ ബസുകളുടെ പാർക്കിംഗിന് ഒരു പരിധി വരെ പരിഹാരം ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരക്കേറിയ ജംഗ്ഷനുകളിൽ ഗതാഗത തടസത്തിനു സ്റ്റോപ്പിൽ നിന്നു അൽപം മാറ്റി ബസുകൾ നിർത്തണമെന്ന് മോട്ടോർ വാഹനവകുപ്പും ട്രാഫിക് പോലീസും നിർദേശം നൽകുന്നുണ്ടെങ്കിലും അതും പാലിക്കപ്പെടാറില്ല.
ഇതൊഴിവാക്കണമെങ്കിൽ ബസുകൾ ഉൾപ്പടെയുള്ള വാഹനങ്ങളുടെ ഗതാഗതം കൃത്യമായി നിയന്ത്രണ വിധേയമാക്കണം.