രാജകുമാരി (ഇടുക്കി): കുമളി – പൂപ്പാറ സംസ്ഥാന പാതയിൽ ചതുരംഗപ്പാറയ്ക്ക് സമീപം കാർ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് ചിന്നക്കനാൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ മരിച്ചു. ആലപ്പുഴ നൂറനാട് സ്വദേശി ഡോ. പി. ബിബിൻ (35) ആണ് മരിച്ചത്.
ഇന്നലെ രാത്രി പതിനൊന്നോടെയായിരുന്നു അപകടം. നെടുങ്കണ്ടത്തുള്ള സുഹൃത്തായ ഡോക്ടറെ സന്ദർശിച്ച ശേഷം മടങ്ങിപ്പോകുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.
ചതുരംഗപ്പാറയ്ക്ക് സമീപത്തെ വളവിൽ എത്തിയപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം വലതുവശത്തെ ചെറിയ പാലത്തോട് ചേർന്നുള്ള കുഴിയിലേയ്ക്ക് മറിയുകയായിരുന്നു. മൂടൽ മഞ്ഞ് കാരണം റോഡ് വ്യക്തമായി കാണാതിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
വാഹനത്തിൽ ബിബിൻ മാത്രമാണ് ഉണ്ടായിരുന്നത്. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും മറ്റ് വാഹനങ്ങളിൽ എത്തിയവരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും.
മികച്ച ഗായകൻ കൂടിയായ ബിബിൻ നാട്ടുകാർക്ക് ഏറെ പ്രിയങ്കരനായിരുന്നു. രാജകുമാരി, ശാന്തൻപാറ ആശുപത്രികളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.