കൊല്ലം :ഓഫീസ് സംവിധാനങ്ങള്‍ക്കുള്ളിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് എല്ലാ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വകാര്യ ഓഫീസുകളും ആഭ്യന്തര പരാതി പരിഹാര സമിതി നിര്‍ബന്ധമായും രൂപീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.
പത്തോ അതില്‍ കൂടുതലോ സ്ത്രീകള്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍-സ്വകാര്യ ഓഫീസുകള്‍ രാഷ്ട്രാന്തര വനിതാ ദിനമായ മാര്‍ച്ച് എട്ടിനകം സമിതി രൂപീകരിച്ച് അംഗങ്ങളുടെ പേര് വിവരം പ്രദര്‍ശിപ്പിക്കണം.
വീഴ്ചവരുത്തുന്ന തൊഴില്‍ മേധാവിക്കെതിരെ 2018 സെപ്റ്റംബറില്‍ നിലവില്‍വന്ന നിയമപ്രകാരം അന്‍പതിനായിരം രൂപ പിഴ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കലക്ടര്‍ പറഞ്ഞു.
സിവില്‍ സ്റ്റേഷനില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ സബ് ജഡ്ജ് സുബിത ചിറക്കല്‍, ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ ഗീതാകുമാരി, വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ താഹിറ ബീവി, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി ഷീല, നോമിനേറ്റഡ് അംഗങ്ങളായ പങ്കജാക്ഷന്‍പിള്ള, വിജയമ്മ ലാലി, പോലീസ്, കോളിജിയേറ്റ് എഡ്യൂക്കേഷന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.