തയ്യിൽ കൊടുവള്ളി ഹൗസിലെ ശരണ്യ-പ്രണവ് ദന്പതികളുടെ മകൻ ഒന്നരവയസുകാരൻ വിയാന്റെ മൃതദേഹം തിങ്കളാഴ്ച രാവിലെയാണ് വീട്ടിൽ നിന്നും 50 മീറ്റർ അകലെയുള്ള കടപ്പുറത്ത് പാറക്കെട്ടിനിടയിൽ കണ്ടെത്തിയത്.
ഞായറാഴ്ച രാത്രി വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന കുട്ടിയെ പുലർച്ചെ കാണാതായെന്നു കാണിച്ച് അച്ഛൻ പ്രണവ് കണ്ണൂർ സിറ്റി പോലീസിൽ പരാതി നൽകുകയും ചെയ്തു.
പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് തയ്യിൽ കടപ്പുറം റോഡിൽ പാറക്കൂട്ടത്തിനിടയിൽ നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്.
കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. നെറ്റിയിലും കൈയിലും മുറിവുകളുണ്ടായിരുന്നു. പുലർച്ചെ മൂന്നോടെ കുട്ടി കരഞ്ഞതിനെ തുടർന്ന് പാൽ നൽകിയിരുന്നതായി അമ്മ ശരണ്യ പോലീസിനോട് പറഞ്ഞു.
ആറരയോടെയാണ് കുട്ടിയെ കാണാതായ വിവരം മാതാപിതാക്കൾ അറിഞ്ഞതെന്നും പോലീസിന് നല്കിയ മൊഴിയിൽ പറയുന്നു. വീട്ടിൽ ദന്പതികളെ കൂടാതെ ശരണ്യയുടെ അമ്മ, സഹോദരന്റെ ഭാര്യ എന്നിവരാണ് ഉണ്ടായിരുന്നത്.
പോലീസ് അന്വേഷണം തുടങ്ങുന്നു
പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കടപ്പുറത്ത് കണ്ടെത്തിയ സംഭവം കൊലപാതകം തന്നെയെന്ന് പോലീസ് സ്ഥിരീകരിക്കുന്നു. തലയ്ക്കേറ്റ ക്ഷതമാണ് കുട്ടിയുടെ മരണത്തിന് കാരണമെന്നുള്ള പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതോടെ കൊലപാകമെന്ന് പോലീസ് ഉറപ്പിക്കുന്നു.
തുടർന്ന് കണ്ണൂർ ഡിവൈഎസ്പി പി.പി. സദാനന്ദൻ, സിറ്റി സ്റ്റേഷൻ ഇൻസ്പെക്ടർ പി.ആർ. സതീശൻ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അന്വേഷണം തുടങ്ങുന്നു. അച്ഛനെയും അമ്മയേയും പോലീസ് കസ്റ്റഡിയിൽ എടുക്കുന്നു. അച്ഛന്റെയും അമ്മയുടെയും വസ്ത്രങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയക്കുന്നു.
കുട്ടിയുടെ മൃതദേഹം കടപ്പുറത്ത് ഉപേക്ഷിച്ച സമയത്ത് മാതാപിതാക്കൾ ധരിച്ചിരുന്ന വസ്ത്രങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. വസ്ത്രങ്ങളിൽ കടൽവെള്ളത്തിന്റെ അംശം പറ്റിയിട്ടുണ്ടോയെന്നാണ് പരിശോധിച്ചത്.
ഇതിനിടയിലാണ് ശരണ്യയുടെ വസ്ത്രത്തിൽ ഉപ്പുവെള്ളത്തിന്റെ അംശം പരിശോധനയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ശരണ്യ കുറ്റം സമ്മതിക്കുകയായിരുന്നു.
കൊലപാതക ആസൂത്രണം ഇങ്ങനെ
ഞായറാഴ്ച രാത്രിയിൽ ഭർത്താവ് വീട്ടിൽ വരുമെന്ന് ഉറപ്പിച്ചശേഷമാണു കുഞ്ഞിനെ കൊല്ലുവാൻ ശരണ്യ പദ്ധതി ആസൂത്രണം ചെയ്തത്. ആദ്യം മൂന്നുപേരും ഒരുമുറിയിലായിരുന്നു കിടന്നുറങ്ങിയത്.
പുലർച്ചെ മൂന്നോടെ കുട്ടി കരഞ്ഞു. ഇതുകേട്ട് ഉണർന്ന പ്രണവ് കാര്യം അന്വേഷിച്ചപ്പോൾ വിശന്നിട്ടാണെന്നുപറഞ്ഞ് ശരണ്യ കുഞ്ഞിനു പാൽ നൽകി.
പിന്നീട് പ്രണവ് ഉറങ്ങിയെന്ന് ഉറപ്പുവരുത്തിയശേഷം വീടിന്റെ പിന്നാന്പുറത്തുകൂടെ കുഞ്ഞുമായി കടൽത്തീരത്തെത്തി കുഞ്ഞിനെ പാറക്കെട്ടിലേക്കു വലിച്ചെറിഞ്ഞു. തലയ്ക്ക് ക്ഷതമേറ്റ് കുഞ്ഞു കരഞ്ഞതോടെ വായ് പൊത്തിപ്പിടിച്ചശേഷം വെള്ളത്തിലേക്കിട്ട് മരണം ഉറപ്പുവരുത്തി.
പിന്നീട് ഒന്നുമറിയാത്ത ഭാവത്തിൽ വീട്ടിലെത്തി തുറന്നിട്ട വാതിൽവഴി അകത്തുകയറി കുറച്ചുനേരം ഹാളിൽ ഇരിക്കുകയും കിടക്കുകയുമാണ് ചെയ്തത്.
കാമുകനൊപ്പം ജീവിക്കാൻ
കുഞ്ഞ് ഇല്ലാതായാൽ ആർക്കാണു ഗുണം എന്നു പോലീസ് സ്വയം ചോദിച്ച ചോദ്യത്തിന്റെ ഉത്തരമാണ് ശരണ്യയിൽ സംശയം ജനിപ്പിച്ചത്. തുടർന്ന് ശരണ്യയുടെ ഫോൺകോൾ വിശദാംശങ്ങൾ പരിശോധിക്കുന്നതിലേക്ക് അന്വേഷണ ഉദ്യോഗസ്ഥരെ എത്തിക്കുകയായിരുന്നു.
ഒരേനന്പരിലേക്ക് അസമയത്ത് ഒട്ടേറെ വിളികൾ, ചാറ്റിംഗുകൾ എന്നിവയിൽ ശരണ്യയ്ക്കൊരു പ്രണയമുണ്ടെന്ന് അറിയുകയായിരുന്നു.
ശരണ്യയെ ചോദ്യം ചെയ്യുന്നതിനിടെ മൊബൈൽഫോണിലേക്കു വന്നത് കാമുകന്റെ 17 മിസ്ഡ് കോളുകളായിരുന്നു.
തുടർന്ന് ശരണ്യയുടെ ചാറ്റിംഗ് ഹിസ്റ്ററി പരിശോധിച്ചപ്പോൾ വ്യക്തമായത് കാമുകനൊപ്പം ജീവിക്കാനുള്ള അതിയായ ആഗ്രഹമാണ് കുഞ്ഞിനെ കൊലപ്പെടുത്താനുള്ള കാരണമെന്നാണ്.
കാമുകൻ ഭർത്താവിന്റെ സുഹൃത്ത്
ഭർത്താവ് പ്രണവിന്റെ സുഹൃത്തുകൂടിയായ വാരം സ്വദേശിയുമായി ഒരുവർഷം മുന്പാണ് ശരണ്യ ബന്ധം തുടങ്ങിയത്. ശരണ്യ ഗർഭിണിയായശേഷം പ്രണവ് ഒരുവർഷത്തേക്ക് ഗൾഫിൽ ജോലിക്കു പോയിരുന്നു.
തിരിച്ചെത്തിയ ശേഷമാണു ദാന്പത്യത്തിൽ അകൽച്ചയുണ്ടാകുന്നത്. പ്രണവിന്റെ സുഹൃത്തിന് ഇക്കാര്യം അറിയാമായിരുന്നു. ഈ അവസരം മുതലെടുക്കാനാണ് അയാൾ ശരണ്യയുമായി ഫെയ്സ്ബുക്ക് വഴി ബന്ധം സ്ഥാപിച്ചതെന്നാണു പോലീസ് പറയുന്നത്.
ആദ്യം ചാറ്റിംഗിൽ തുടങ്ങിയ ബന്ധം പിന്നീട് ഫോൺവിളിയിലേക്കു മാറുകയായിരുന്നു. എന്നാൽ വിവാഹ വാഗ്ദാനം ശരണ്യയ്ക്ക് ഇയാൾ നൽകിയില്ലെന്നു പോലീസ് പരിശോധനയിൽ വ്യക്തമായി.
കുഞ്ഞിനെ ഒഴിവാക്കാൻ ഒരിക്കലും കാമുകൻ ആവശ്യപ്പെട്ടിട്ടില്ല. എന്നാൽ അയാളോടൊത്ത് ജീവിക്കാൻ ശരണ്യ അതിയായി ആഗ്രഹിച്ചതാണ് കുഞ്ഞിനെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നാണ് പോലീസ് പറയുന്നത്.
ശരണ്യയും പ്രണയവും പിന്നെ ഫെയ്സ്ബുക്കും
ഫെയ്സ്ബുക്ക് വഴിയാണു ശരണ്യയും പ്രണവും പരിചയപ്പെടുന്നത്. കുടുംബങ്ങൾ എതിർത്തെങ്കിലും ശരണ്യയ്ക്ക് 18 വയസ് പൂർത്തിയായി ദിവസങ്ങൾക്കുള്ളിൽ കല്യാണവും കഴിഞ്ഞു.
സ്വന്തം വീട്ടിൽ തന്നെയായിരുന്നു ശരണ്യ കഴിഞ്ഞിരുന്നത്. ഭാര്യ ഗർഭിണിയായപ്പോൾ പ്രണവ് ജോലിക്കായി ഗൾഫിലേക്കു പോയി.
ഒരുവർഷത്തിനുശേഷമാണു തിരിച്ചെത്തിയത്. ഇതിനിടയിൽ ഇവർ തമ്മിൽ സ്വർചേർച്ചയുണ്ടായി. അതിനാൽ ശരണ്യയുടെ വീട്ടിൽ പ്രവീൺ വല്ലപ്പോഴും വന്നുപോകുക മാത്രമായിരുന്നു.
ഇതിനിടെയാണു പ്രണവിന്റെ സുഹൃത്തുമായി ശരണ്യ അടുപ്പത്തിലായത്. അതും ഫെയ്സ്ബുക്ക് വഴിയായിരുന്നു. ഒടുവിൽ ഫെയ്സ്ബുക്ക് തന്നെയാണ് ശരണ്യയെ കുടുക്കിയത്.
അന്വേഷണസംഘത്തിന് പൊൻതൂവൽ
കണ്ണൂർ ഡിവൈഎസ്പി പി.പി. സദാനന്ദൻ, സിറ്റി സ്റ്റേഷൻ ഇൻസ്പെക്ടർ പി.ആർ. സതീശൻ എന്നിവർക്ക് പുറമെ എസ്ഐമാരായ നെൽസൺ നിക്കോളാസ്, സുനിൽ കുമാർ, എഎസ്ഐമാരായ അജയൻ, ഷാജി, സീനിയർ സിപിഒമാരായ ഷാജി, സന്ദീപ്, ഗഫൂർ, എസ്പിയുടെ സ്ക്വാഡംഗങ്ങളായ സുജിത്, മിഥുൻ, സുഭാഷ്, മഹേഷ്, അജിത് എന്നിവരടങ്ങിയ ടീമായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നു.