
ദുംക: ഭർത്താവിനെ മരത്തിൽ കെട്ടിയിട്ട് ആദിവാസി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ജാർഖണ്ഡിലെ ദുംക ജില്ലയിലാണു സംഭവം. ഗ്രാമത്തലവൻ ഉൾപ്പെടെയുള്ളവർ ചേർന്നാണു യുവതിയെ പീഡിപ്പിച്ചത്.
തിങ്കളാഴ്ച ഭർത്താവിനൊപ്പം ചന്തയിൽനിന്നു വീട്ടിലേക്കു മടങ്ങവെ, ജിർക്ക വനമേഖലയിൽവച്ച് അക്രമിസംഘം വഴിയിൽ തടഞ്ഞശേഷം കാട്ടിലേക്കു വലിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണു യുവതിയുടെ പരാതിയിൽ പറയുന്നത്.
പ്രതികളായ മൂന്നു പേരും മാറിമാറി പീഡിപ്പിച്ചു. ഈ സമയത്തു ഭർത്താവിനെ തുണി ഉപയോഗിച്ചു മരത്തിൽ കെട്ടിയിട്ടതായും പരാതിയിൽ ആരോപിക്കുന്നു.
ചൊവ്വാഴ്ചയാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്. തുടർന്ന് പോലീസ് അന്വേഷണം നടത്തി ഗ്രാമത്തലവൻ ദുർഗ ദെഹ്രി, സോനു ദെഹ്രി, ദേവേന്ദ്ര ദെഹ്രി എന്നിവരെ അറസ്റ്റ് ചെയ്തു. ബലാത്സംഗത്തിനിരയായ യുവതിയും പ്രതികളും പഹാരിയ ഗോത്ര സമുദായത്തിൽപ്പെട്ടവരാണ്.