ഗാന്ധിനഗർ: ഇടുക്കി ചതുരംഗപ്പാറയിൽ കാർ അപകടത്തിൽപ്പെട്ട് മരിച്ച ചിന്നക്കനാൽ പ്രാഥമിക കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. പി. ബിപി(38)ന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് പിടിഎ ഹാളിൽ വച്ചപ്പോൾ ഗാനാലാപനത്തോടെയാണു കോട്ടയം മെഡിക്കൽ കോളജിലെ അദേഹത്തിന്റെ അധ്യാപകരും സഹപാഠികളും പ്രശസ്ത ഗായകരും ചേർന്നു വിട നൽകിയത്.
2001-05 ബാച്ചിലെ എംബിബിഎസ് വിദ്യാർഥിയായിരിന്നു ബിപിൻ.
സംഗീതത്തിനോടുള്ള പ്രണയം കാരണം എംബിബിഎസ് പഠനം ഇടയ്ക്കുവച്ച് നിർത്തുവാൻ തയാറായിരുന്നു. അന്ന് അധ്യാപകനായിരുന്ന ഇന്നത്തെ കോളജ് പ്രിൻസിപ്പാൾ ഡോ. ജോസ് ജോസഫ്, ബിപിന്റെ വീട്ടിൽ ചെന്നു വിളിച്ചുകൊണ്ടുവന്ന് പഠനം പൂർത്തികരിക്കുകയായിരിന്നു.
ഡോക്ടർ പഠിച്ചു കൊണ്ടിരിക്കേ പ്രശസ്ത വയലനിസ്റ്റ് കാർഡിയോളജി മേധാവി ഡോ. വി.എൽ. ജയപ്രകാശിനോപ്പം ഗാനമേളയ്ക്കു പോകുമായിരുന്നു. കഴിഞ്ഞ ദിവസം ഗൈനക്കോളജി ഡോക്ടർമാരുടെ കോണ്ഫറൻസ് കോട്ടയം കോടിമതയിലെ പ്രമുഖ ഹോട്ടലിൽ നടന്നപ്പോഴും ഡോ. ബിപിന്റെ ഗാനമേള ഉണ്ടായിരുന്നു.
ഇന്നലെ രാത്രി 7.30നാണ് ബിപിന്റെ മൃതദേഹം മെഡിക്കൽ കോളജ് പിടിഎ ഹാളിൽ കൊണ്ടുവന്നത്. മൃതദേഹം കൊണ്ടുവരുന്നതറിഞ്ഞ് മണിക്കൂറുകൾക്കു മുൻപ് തന്നെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അദ്ദേഹത്തിന്റെ അധ്യാപകരായ ഡോക്ടർമാർ, സഹപാഠികളായ ഡോക്ടർമാർ, പ്രശസ്തരായ ഗായകർ പിന്നണി പ്രവർത്തകർ അടങ്ങിയ വലിയ ജനക്കൂട്ടമായിരിന്നു.
മൃതദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയ പ്രിൻസിപ്പാൾ ഡോ. ജോസ് ജോസഫ് ഡോ. വി.എൽ. ജയപ്രകാശ് എന്നിവർ അന്ത്യാഞ്ജലി അർപ്പിക്കാൻ കഴിയാതെ പൊട്ടിക്കരഞ്ഞു.
കൂടിനിന്ന ഗായകരോട് അവൻ അവസാനം പാടിയ ഗാനം ആലപിച്ച് വിടനൽകുവാൻ പറഞ്ഞു. ആദ്യം ഒരു നിമിഷം എല്ലാവരും അന്പരന്നെങ്കിലും അവസാനം പ്രശസ്ത ഗായകൻ ടാർസൻ ’’ദേവാങ്കണങ്ങൾ കൈ ഒഴിഞ്ഞ താരകംന്ധ എന്ന ഗാനം ആലപിച്ചാണ് എല്ലാവരും ഡോ. ബിപിനു വിട നൽകിയത്.