വൈപ്പിൻ: കുടിവെള്ളക്ഷാമം രൂക്ഷമായ നായരന്പലം പഞ്ചായത്തിലെ നെടുങ്ങാട് നാല്, അഞ്ച് വാർഡുകളിൽ ഇന്നലെ എംപിയും എംഎൽഎയും സന്ദർശനം നടത്തിയപ്പോൾ കുടിവെള്ളം സുലഭം.
എന്നാൽ ഇവർ പോയി അരമണിക്കൂർ കഴിഞ്ഞപ്പോൾ ടാപ്പുകൾ വീണ്ടും പഴയതു പോലെ വറ്റിവരണ്ടെന്ന് നാട്ടുകാർ.
എംപിയും എംഎൽഎയും എത്തിയപ്പോൾ ടാപ്പുകളിൽ ഉണ്ടായ വെള്ളച്ചാട്ടം വാട്ടർ അഥോറിറ്റിയുടെ സിപിഎം സ്പോണ്‍സേർഡ് മാജിക് ഷോയാണെന്ന് നെടുങ്ങാട്ടെ കുടിവെള്ള സമരക്കാർ ആരോപിച്ചു.
കുടിനീർകിട്ടാതെ നെടുങ്ങാട്ടുകാർ സംസ്ഥാനപാത സ്തംഭിപ്പിച്ച് സമരം നടത്തുകയും കളക്ടറുടെ ക്യാന്പ് ഹൗസിലെത്തി നിവേദനം നൽകുകയും ചെയ്തിരുന്നു.
ഇതേത്തുടർന്ന് ജില്ലാകളക്ടർ ചൊവ്വാഴ്ച വിളിച്ചു ചേർത്ത ജനപ്രതിനിധികളുടെയും വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥരുടെ യും യോഗത്തിൽ എടുത്ത തീരുമാനമനുസരിച്ചാണ് ഹൈബി ഈഡൻ എംപി, എസ്. ശർമ എംഎൽഎ, എഡിഎം, വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥർ എന്നിവർ ഇന്നലെ രാവിലെ സ്ഥലം സന്ദർശിച്ചത്.
രാവിലെ പത്തോടെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോൾ ടാപ്പുകളിൽ വെള്ളം വന്നിരുന്നില്ല. എന്നാൽ പത്തരയോടെ എംപിയും എംഎൽഎയും എത്തിയതോടെ ടാപ്പുകളിൽ വെള്ളമെത്തി.
എംപി പലയിടത്തും ടാപ്പ് തുറന്നപ്പോൾ നല്ല രീതിയിൽതന്നെ വെള്ളം വരുന്നതായി കണ്ടു. ഈ സ്ഥിതി തുടരണമെന്നും അല്ലാത്തപക്ഷം ഉദ്യോഗസ്ഥൻമാർക്കെതിരേ കർശന നടപടിയുണ്ടാകുമെന്നും എംപി മുന്നറിയിപ്പ് നൽകി.
സംഘം നെടുങ്ങാട് വിട്ട് കുറച്ചുകഴിഞ്ഞതോടെ പൊതുടാപ്പുകളിൽ കുടിനീർ ശേഖരിക്കാനെത്തിയ വീട്ടമ്മാർക്ക് ഒരു തുള്ളിവെള്ളംപോലും കിട്ടിയില്ല.
ഇത് തികച്ചും രാഷ്ട്രീയ പകയാണെന്നാണ് സമര സമിതി നേതാക്കളായ ജോബി വർഗീസ്, അഗസ്റ്റിൻ മണ്ടോത്ത് തുടങ്ങിയവരുടെ ആരോപണം. നാലാം വാർഡ് കോണ്‍ഗ്രസിന്റെ വാർഡാണ്.
അഞ്ചാം വാർഡാകട്ടെ ഭരണപക്ഷത്തിന്റെ വാർഡാണെങ്കിലും പ്രസിഡന്റിനെതിരേ പ്രതിപക്ഷമായ കോണ്‍ഗ്രസ് അവിശ്വാസ നോട്ടീസ് നൽകിയപ്പോൾ അതിനെ വാർഡ് മെന്പർ അനുകൂലിച്ചെന്ന വൈരാഗ്യവും സിപിഎമ്മിനുണ്ടെന്നാണ് സമര സമിതി ചൂണ്ടിക്കാണിക്കുന്നത്.
ഇക്കാരണങ്ങൾ കൊണ്ടുതന്നെ യഥാർഥത്തിൽ നാല്, അഞ്ച് വാർഡുകളിലേക്കുള്ള കുടിനീർ ഉദ്യോഗസ്ഥൻമാരെ കൂട്ടുപിടിച്ച് സിപിഎം ബോധപൂർവം തടഞ്ഞുവയ്പ്പിക്കുകയാണെന്ന് സമര സമിതി ആരോപിക്കുന്നു.