കണ്ണൂർ: വീട്ടാവശ്യത്തിന് പോലും തെങ്ങിൽക്കയറി നാലു തേങ്ങയിടാൻ ആളെക്കിട്ടാനില്ല. കേടായ ഫ്രിഡ്ജ് നന്നാക്കാൻ കൊടുത്തിട്ട് മാസങ്ങളായി.
എന്നിങ്ങനെയുള്ള വീട്ടമ്മമാരുടെ പരാതികൾക്ക് ഇനി “ആപ്പു’ വഴി പരിഹാരം. ഒറ്റ ക്ലിക്കിൽ ഇനി അനുയോജ്യരായ തൊഴിലാളികൾ വീട്ടിലെത്തും.
ഇതിനായി “കേരള സ്കിൽ രജിസ്ട്രി’ എന്ന പേരിൽ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയിരിക്കുകയാണ് സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പ്.
ഗാർഹിക തൊഴിൽ മേഖലയിലെ വിദഗ്ധ തൊഴിലാളികളെ എളുപ്പത്തിൽ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് സ്കിൽ രജിസ്ട്രിക്ക് രൂപം കൊടുത്തിരിക്കുന്നത്.
എസി,ഫ്രിഡ്ജ്,വാഷിംഗ് മെഷീൻ, ടിവി, കംപ്യൂട്ടർ എന്നിവയുടെ റിപ്പയറിംഗ്- സർവീസ് മുതൽ കാർപ്പെന്റർ, പ്ലംബർ, ഇലക്ട്രീഷൻ,പെയിന്റർ, ഡ്രൈവർ,ഗാർഹിക തൊഴിൽ,ക്ലീനിംഗ് സ്റ്റാഫ് തുടങ്ങി തെങ്ങുകയറ്റക്കാർ വരെയുണ്ടാകും ഈ ആപ്ലിക്കേഷനിൽ.
ഇത്തരത്തിൽ വിവിധ തൊഴിൽ മേഖലകളിൽ വൈദഗ്ധ്യമുള്ളവരുടെ സേവനങ്ങൾ പൊതുജനങ്ങൾക്ക് ഞൊടിയിടയിൽ ലഭ്യമാക്കുകയാണ് മൊബൈൽ രജിസ്ട്രി ലക്ഷ്യമിടുന്നത്.
തൊഴിൽ ദാതാക്കൾക്കും വിദഗ്ധ തൊഴിലാളികൾക്കും മൊബൈൽ ആപ്പ് സേവനം ഉപയോഗപ്പെടുത്താമെന്നതും ഇടനിലക്കാരില്ലാതെ വ്യക്തികൾക്ക് സ്വന്തം കഴിവിനനുസരിച്ചുള്ള തൊഴിൽ സാധ്യത കണ്ടെത്താനും ഉപഭോക്താക്കൾക്ക് അവരുടെ ആവശ്യങ്ങൾക്ക് അനുയോജ്യരായ തൊഴിലാളികളെ ലഭ്യമാക്കാനും സാധിക്കുമെന്നതുമാണ് സ്കിൽ രജിസ്ട്രിയുടെ ഏറ്റവും വലിയ പ്രത്യേകത.
ഗൂഗിൾ പ്ലേ സ്റ്റോറിൽ കേരള സ്കിൽ രജിസ്ട്രി ആപ്പ് ഡൗൺലോഡ് ചെയ്ത് സേവന ദാതാക്കൾക്കും തൊഴിലാളികൾക്കും രജിസ്റ്റർ ചെയ്യാം. വിശദ വിവരങ്ങൾക്ക് സമീപത്തുള്ള ഗവ.ഐടിഐയിലും കണ്ണൂർ പഴയ മുനിസിപ്പൽ ബസ്സ്റ്റാൻഡിനടുത്തുള്ള ആർഐ സെന്ററിലും ബന്ധപ്പെടാം.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0497 2704588, 8907772500.