ചെറുപുഴ: സമയക്രമത്തെ ചൊല്ലി സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടുന്നതും മദ്യപ രുടെ വിളയാട്ടവും പതിവായതോടെ ചെറുപുഴ ബസ്സ്റ്റാൻഡിൽ യാത്രക്കാർക്കു ദുരിതമേ റുന്നു.
സമയക്രമം പാലിച്ചില്ലെന്ന് ആരോപിച്ച് ഇന്നലെയും ചെറുപുഴ ബസ്സ്റ്റാൻഡിൽ ജീവനക്കാർ തമ്മിൽ വാക്കേറ്റമുണ്ടായി. ഇന്നലെ വൈകുന്നേരം നാലോടെയാണു സംഘർഷമുണ്ടായത്.
ചെറുപുഴ-പയ്യന്നൂർ ബസിലെയും ചെറുപുഴ-പാടിയോട്ടുചാൽ-പെരുമ്പടവ് -തളിപ്പറമ്പ് ബസിലെ ജീവനക്കാരും തമ്മിലാണു സംഘർഷമുണ്ടായത്. പയ്യന്നൂർ ഭാഗത്തേക്കു പോകുന്ന ബസ് സമയം തെറ്റിച്ച് ഓടുന്നതു പതിവാണ്.
ഇത് പലതവണ ജീവനക്കാരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും ഒരു മാറ്റവും വരുത്തിയില്ല. അതുകൊണ്ടാണു ബസ് കുറുകെ ഇട്ടതെന്നാണ് പെരുമ്പടവ് റൂട്ടിൽ ഓടുന്ന ബസിലെ ജീവനക്കാർ പറയുന്നത്.
എന്നാൽ രാവിലെ പാടിയോട്ടുചാലിൽ നിന്നു പെരുമ്പടവ് ബസ് സമയം തെറ്റിച്ചു തങ്ങളുടെ മുന്നിൽ ഓടാറുണ്ടെന്നാണു പയ്യന്നൂർ റൂട്ടിൽ ഓടുന്ന ബസിലെ ജീവനക്കാർ പറയുന്നത്.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നു സ്ഥലത്തെത്തിയ ചെറുപുഴ പോലീസ് ഇരു ബസുകളും കസ്റ്റഡിയിലെടുത്തു.
മദ്യപാനികളുടെ താവളം
ബസ് സ്റ്റാൻഡ് പരിസരം മദ്യപാനികളുടെ താവളമാകുന്നു. മദ്യപിച്ച് ഇവിടെയെത്തി വാക്കേറ്റവും അസഭ്യവർഷവും നടത്തുന്നവരും, ബോധരഹിതരായി വ്യാപാര സ്ഥാപനങ്ങളുടെ മുന്നിൽ കിടക്കുന്നവരും നിരവധിയാണ്.
തൊട്ടടുത്തുള്ള ബാറിൽനിന്നു മദ്യപിച്ചെത്തുന്നവരാണ് ഏറെയും. യാത്രക്കാർക്കും, വ്യാപാര സ്ഥാപനങ്ങൾക്കും ഇത് വലിയ ദുരിതമാണ്. മദ്യപിച്ച് ശല്യമുണ്ടാക്കുന്നവരെ നിയന്ത്രിക്കുവാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.