തിരുവല്ല: അപ്പര്‍കുട്ടനാട്ടിലെ പ്രധാന യാത്ര പാതയായ തിരുവല്ല – അമ്പലപ്പുഴ റോഡിന്റെ പുനര്‍നിര്‍മാണം പൂര്‍ത്തിയായി. 60 കോടിയോളം രൂപ ചെലവിട്ട് രണ്ടു വര്‍ഷം കൊണ്ടാണ് സ്റ്റേറ്റ് ഹൈവേ 11 ന്റെ നിര്‍മാണം അന്തര്‍ദേശിയ തലത്തില്‍ പൂര്‍ത്തിയാക്കിയത്.
പൊടിയാടിയില്‍ നിന്ന് 23 കിലോമീറ്റര്‍ വരുന്ന തിരുവല്ല-അമ്പലപ്പുഴ പാതയുടെ പുനര്‍നിര്‍മാണം പൊടിയാടി മുതല്‍ അമ്പലപ്പുഴ ദേശിയ പാതവരെയാണ് നടന്നത്. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയാണ് റോഡ് പുനര്‍നിര്‍മാണം നടത്തിയത്.
പൊടിയാടിയില്‍ നിന്ന് എട്ട് കിലോമീറ്റര്‍ ദൂരമുള്ള എടത്വാ, 17 കിലോമീറ്ററുള്ള തകഴി എന്നിവിടങ്ങളില്‍ എത്തിച്ചേരാനുള്ള പ്രധാന പാതകൂടിയാണ് ഇത്. അമ്പലപ്പുഴ ക്ഷേത്രത്തിന് സമീപം ദേശിയ പാതയില്‍ എത്തിച്ചേരുന്ന എസ്എച്ച് പതിനൊന്ന് വെള്ളപ്പൊക്ക ഭീക്ഷണിയേ അതിജീവിക്കാന്‍ മണ്ണിട്ട് ഉയര്‍ത്തിയാണ് പുനര്‍നിര്‍മിച്ചിട്ടുള്ളത്.
പമ്പാനദിക്ക് കുറുകെയുള്ള വലിയ പാലങ്ങളായ തകഴിയും നീരേറ്റുപുറവും ഈ പാതയിലുണ്ട്. പ്രമുഖ തീർഥാടന കേന്ദ്രങ്ങളായ ചക്കുളത്തുകാവ് ക്ഷേത്രം, എടത്വാ പള്ളി, അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, മണ്ണാര്‍ശാല, ഹരിപ്പാട് ക്ഷേത്രങ്ങളിലേക്ക് പോകുന്ന തീർഥാടകര്‍ക്ക് പുനര്‍ നിര്‍മിച്ച റോഡ് ഏറെ ഗുണകരമാകും.
നാളെ രാവിലെ 10ന് പൊടിയാടി ജംഗ്ഷനില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി ജി. സുധാകരന് നവീകരിച്ച റോഡിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ മാത്യു ടി. തോമസ് എംഎല്‍എ, എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി എന്നിവരും പങ്കെടുക്കും.
പത്തനംതിട്ട -കോഴഞ്ചേരി-തിരുവല്ല പ്രദേശങ്ങളില്‍ ഉള്ളവര്‍ക്ക് പൊടിയാടി – തകഴി വഴി എളുപ്പത്തില്‍ അമ്പലപ്പുഴയില്‍ ദേശീയ പാതയില്‍ പ്രവേശിക്കാന്‍ പാത ഉപകരിക്കും. പുനര്‍ നിര്‍മിച്ച റോഡിലെ പ്രധാന ഇടങ്ങളില്‍ നടപ്പാത കൈവരി എന്നിവയുടെയും നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്.
റോഡില്‍ മാര്‍ക്കിംഗുകള്‍, ദിശാസൂചികകള്‍ എന്നിവ സ്ഥാപിക്കുന്ന പണിയും പൂര്‍ത്തിയായിട്ടുണ്ട്. പൊടിയാടി – ചക്കുളം – തകഴി – അമ്പലപ്പുഴ എന്നിവിടങ്ങളില്‍ പാത പുനര്‍നിര്‍മാണത്തോട് അനുബന്ധിച്ച് ബസ് വേ നിര്‍മിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അത് ഇതുവരെയും പൂര്‍ത്തിയായിട്ടില്ല.