പിറവം: പിറവം പോലീസ് സ്റ്റേഷനിലെ ഗേറ്റിന് മുന്നിലേക്ക് ആദ്യമായി എത്തുന്നവര്‍ ഒന്നു പകയ്ക്കും. പോലീസ് നായയേക്കാളും ശൗര്യത്തോടെ ‘ടൂട്ടി’ നില്ക്കുന്നു. സ്റ്റേഷന്റെ മുറ്റത്തേക്കു കയറുന്നയാളെ അടിമുടി നോക്കി അളന്നുതിട്ടപ്പെടുത്തിയശേഷമാണ് മുഖം തിരിക്കുന്നതുപോലും.
കഴിഞ്ഞ ഏതാനും മാസങ്ങളായി പൊമേറിയന്‍ വിഭാഗത്തില്‍പ്പെട്ട ഒരു നായ ഇവിടെയുണ്ട്. നാലു വയസോളം പ്രായമുള്ള നായയെ ആരെങ്കിലും വഴിയിലൂപേക്ഷിച്ചതാകാനാണ് സാധ്യത. ഏതായാലും പോലീസ് സ്റ്റേഷന് വളപ്പിലാണിപ്പോള് ഇവന്റെ താമസം. ഭക്ഷണമൊന്നും കാര്യമായി വേണമെന്നില്ല. സമീപത്തുള്ള ചായക്കട ഉടമ ഷാജി നല്കുന്ന പുട്ടും, കടലയുമൊക്കെയാണ് പ്രധാന ഭക്ഷണം.
ചായ ഏറെ ഇഷ്ടവുമാണ്. നായയെ നേരത്തെ ഉടമ വിളിച്ചുകൊണ്ടിരുന്ന പേരെന്താണന്നറിയില്ല. എങ്കിലും ചായക്കടയിലെത്തുന്ന സമീപവാസികള്‍ ചേര്‍ന്നൊരു പേരിട്ടു, ടൂട്ടി. രാവിലെ ഏഴോടെ ഇവിടെയുള്ള ബസ് സ്റ്റോപ്പില്‍ കാത്തുനില്‍പ്പാണ് ടൂട്ടി. ഈ ബസിനാണ് സ്റ്റേഷനിലെ ഒരു ജീവനക്കാരിയെത്തുന്നത്.
ഇവര്‍ എല്ലാദിവസവും ബസില്‍ നിന്നുമിറങ്ങുമ്പോള്‍ നല്കുന്ന ബിസ്കറ്റിനുവേണ്ടിയുള്ള കാത്തിരിപ്പാണിത്. പക്ഷെ ഞായറാഴ്ച ദിവസങ്ങളില്‍ ടൂട്ടി നിരാശനാവുകയാണ്. ചായക്കട തുറക്കാത്ത ദിവസങ്ങളില്‍ സ്റ്റേഷനിലെ പോലീസുകാരും എന്തൊങ്കിലുമൊക്കെ കഴിക്കാന്‍ നല്‍കും.
ടൂട്ടി പാവമാണന്ന് കരുതരുത്. തനിക്കിഷ്ടമില്ലാത്ത മറ്റു നായ്ക്കളോ, പൂച്ചകളോ ഇതുവഴി പോയാല്‍ ഒന്നു പേടിപ്പിച്ച് കുരച്ചുചാടി ചെല്ലുന്നതുകാണാം. പിന്നെ തന്റെ നേര്‍ക്ക് കല്ലെറിഞ്ഞോടിച്ച ചിലരുമുണ്ട്. ഇവരുടെ നേര്‍ക്കും മുരളലോടെ രൂക്ഷമായി നോക്കുകയും ചെയ്യും.
രാത്രിയും, പകലും ഭേദമന്യേ പോലീസ് സ്റ്റേഷന്റെ ഗേറ്റിന് മുന്നില്‍ നിലയുറപ്പിച്ചിരിക്കുന്ന ടൂട്ടി കൗതുകമാവുകയാണ്.