കായംകുളം: തകരാറിലായ സിഗ്നലുകൾക്ക് മുന്പിൽ ചുട്ടുപൊള്ളുന്ന വെയിലിൽ ഗതാഗതം നിയന്ത്രിച്ച് ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ. കായംകുളം നഗരത്തിൽ ഗതാഗതം നിയന്ത്രിക്കുന്ന ട്രാഫിക് ജീവനക്കാരായ ഹോം ഗാർഡുകളാണ് പൊരിവെയിലിൽ റോഡിനു നടുവിൽ നിന്ന് നട്ടം തിരിയുന്നത്.
നഗരത്തിലെ ഗതാഗത കുരുക്കേറിയ പ്രധാന ജംഗ്ഷനുകളായ കുറ്റിത്തെരുവ്, പോലീസ് സ്റ്റേഷൻ ജംഗ്ഷൻ, കഐസ്ആർടിസി ജംഗ്ഷൻ, കമലാലയം ജംഗ്ഷൻ, മുനിസിപ്പൽ ജംഗ്ഷൻ, കോളജ് ജംഗ്ഷൻ എന്നിവിടങ്ങളിൽ ഗതാഗതം നിയന്ത്രിക്കുന്ന ഹോം ഗാർഡുകളാണ് ചുട്ടുപൊള്ളുന്ന ചൂടിലും റോഡിനു മധ്യത്തിൽ നിന്നു ഗതാഗതം നിയന്ത്രിക്കുന്നത്.
വെയിലിനെ അതിജീവിക്കാൻ ട്രാഫിക് കുടകളോ മറ്റു സംവിധാനങ്ങളോ ഏർപ്പെടുത്താത്തതാണ് പ്രധാന പ്രശ്നം. ദേശീയ പാതയിൽ തിരക്കേറിയ കോളജ് ജംഗ്ഷനിലെ ട്രാഫിക് സിഗ്നൽ കഴിഞ്ഞ ആഴ്ചയുണ്ടായ വാഹനാപകടത്തിൽ നിലം പതിച്ചു.
ഇതോടെ ഗതാഗത നിയന്ത്രണം പൊള്ളുന്ന ചൂടിൽ മണിക്കൂറുകളോളം നിന്നു നിയന്ത്രിക്കേണ്ട അവസ്ഥയാണ് ട്രാഫിക് ഉദ്യോഗസ്ഥർക്കുള്ളത്. സ്ഥിരം അപകട മേഖലയായ ഇവിടെ നാലുഭാഗങ്ങളിൽ നിന്നായി എത്തുന്ന വാഹനങ്ങളെ നിയന്ത്രിക്കാൻ ട്രാഫിക് ജീവനക്കാർ അല്പംപോലും തണലില്ലാത്ത റോഡിൽ മുഴുവൻ സമയവും നിലയുറപ്പിക്കേണ്ട അവസ്ഥയാണ്.
ട്രാഫിക് സിഗ്നൽ തകരാറിലായതോടെ ജീവനക്കാരുടെ ദുരിതവും വർധിച്ചിരിക്കുകയാണ്.