മുക്കം: പൂക്കളോടും ചെടികളോടുമുള്ള പ്രണയം , ഒപ്പം കൃഷിയോടുള്ള അടങ്ങാത്ത അഭിനിവേശം… ഇതാണ് തിരുവമ്പാടി പുന്നക്കൽ റോഡിലെ തറിമറ്റം വെള്ളാരംകുന്ന്ബിജുവിന്റെ ഭാര്യ സിനി ബിജുവിനെ ഇന്ന് ഒന്നാന്തരം കർഷയാക്കി മാറ്റിയത്.
സാധാരണ നമ്മുടെ പ്രദേശങ്ങളിൽ മറ്റാരും അധികം കൃഷി ചെയ്യാത്ത നിരവധി വിളകളാണ് സിനി തന്റെ വീട്ടുമുറ്റത്തും പറമ്പിലുമായി കൃഷി ചെയ്യുന്നത്.
കോളിഫ്ലവർ, ബ്രോക്കോളി, കാബേജ ക്യാപ്സിക്ക വിവിധ തരത്തിലുള്ള പച്ചമുളകുകൾ, കടുക്, വിവിധയിനം വെണ്ടകൾ, തക്കാളി, വിവിധ ഇനങ്ങളിലും നിറങ്ങളിലുമുള്ള വഴുതനകൾ, തുടങ്ങി 40 ലധികം വരുന്ന വൈവിധ്യമാർന്ന ഇനങ്ങളാണ് സിനിയുടെ പച്ചക്കറി തോട്ടത്തെ സമ്പന്നമാക്കുന്നത്.
പരമ്പരാഗത കർഷകനായ ബിജുവിന്റെ ഭാര്യയായ സിനി ഇന്ന് തന്റെ ഒഴിവുസമയം എല്ലാം വിനിയോഗിക്കുന്നത് ഈ കൃഷിത്തോട്ടത്തിൽ ആണ്. ഈ ദമ്പതികളുടെ മൂന്നു മക്കളിൽ ഇളയവളായ തിരുവമ്പാടി ഇൻഫന്റ് ജീസസ് സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന അലോനയാണ് കൃഷിയിൽ എല്ലാവിധ സഹായവുമായി അമ്മയോടൊപ്പം ഉള്ളത്.
അമ്മയെ പോലെ തന്നെ ചെറുപ്പംമുതൽ പൂക്കളോടും ചെടികളോടും ഏറെ ഇഷ്ടം ഉണ്ടായിരുന്ന അലോന കൃഷിയിൽ അമ്മയെ സഹായിക്കുന്നത് പതിവാക്കിയ തോടെയാണ് കൃഷി അലോന യുടെയും മനസ്സ് കീഴടക്കിയത്.
സ്കൂൾ പഠനം കഴിഞ്ഞ് വീട്ടിലെത്തിയാൽ പിന്നെ ആലോനയുടെ സമയം മുഴുവൻ കവർന്നെടുക്കുന്നത് ഈ കൃഷി തോട്ടമാണ്. പച്ചക്കറി കൃഷി യോടൊപ്പം വിവിധതരം പൂച്ചെടികളും, മാവ്, റമ്പൂട്ടാ വിവിധതരം ചാമ്പക്കകൾ തുടങ്ങി നിരവധി ഫലവൃക്ഷങ്ങളും ഇവർ നട്ടു പരിപാലിക്കുന്നുണ്ട്.
തിരുവമ്പാടി ഇടവകയിൽ മികച്ച കർഷകയായി രണ്ടു തവണ ഒന്നാം സ്ഥാനവും, ഒരുതവണ രണ്ടാംസ്ഥാനവും നേടിയെടുത്തിട്ടുണ്ട് ഈ വീട്ടമ്മ. വർഷങ്ങൾക്കു മുൻപുതന്നെ ഇവർ കൃഷി ആരംഭിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ പുതിയ വീട്ടിലേക്ക് മാറി താമസി ച്ചതിനുശേഷമാണ് ഇന്നുള്ള രീതിയിൽ കൃഷി വ്യാപിപ്പിച്ചത്.
തീർത്തും ജൈവ കാർഷിക സമ്പ്രദായം മാത്രം അവലംബിക്കാറുള്ള ഇവർ വിളയിച്ചെടുക്കുന്ന പച്ചക്കറികൾ വീട്ടാവശ്യത്തിന് കഴിച്ചുള്ളത് ബന്ധുക്കൾക്കും അയൽക്കാർക്കും ഒക്കെ നൽകാറാണ് പതിവ്. വരുംവർഷങ്ങളിലും കൂടുതൽ വൈവിധ്യമാർന്ന ഇനങ്ങൾ കൂടുതൽ സ്ഥലത്ത് കൃഷി ചെയ്യണമെന്ന് തന്നെയാണ് കൃഷിയെയും അധ്വാനത്തെയും ഏറെ ഇഷ്ടപ്പെടുന്ന കുടുംബിനിയുടെ ആഗ്രഹം.