ഗുരുവായൂർ: ക്ഷേത്രോത്സവത്തിനു 2.96 കോടിയുടെ ബജറ്റിനു ദേവസ്വം ഭരണസമിതി അംഗീകാരം നൽകി. പ്രസാദ ഉൗട്ടിനു 2.30 കോടിയാണു വകയിരുത്തിയിട്ടുള്ളത്.
കലാപരിപാടികൾക്കു 35 ലക്ഷം, ദീപാലങ്കാരം 10.55 ലക്ഷം, വാദ്യം 15ലക്ഷം എന്നിങ്ങനെയാണു മറ്റു ചെലവുകൾ. ഇക്കുറി അഗ്രശാല,കലവറ,പാചകം എന്നിവയെല്ലാം ഒരാൾക്കു നൽകാനാണ് തീരുമാനിച്ചിട്ടുള്ളത്. മുൻ വർഷങ്ങളിൽ ഇതെല്ലാം പലർക്കായാണു നൽകിയിരുന്നത്. മാർച്ച് ആറിനു കൊടിയേറ്റവും 15ന് ആറാട്ടുമാണ്. കലശചടങ്ങുകൾ 27ന് ആരംഭിക്കും.
ഭക്തിഗാനങ്ങൾ പുറത്തിറക്കുന്നു
ഗുരുവായൂർ: ദേവസ്വം ആദ്യമായി ഗുരുവായൂരപ്പൻ ഭക്തിഗാനങ്ങൾ ഓഡിയോ മ്യൂസിക് ആൽബമായി പുറത്തിറക്കുന്നതായി ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസ് പത്രസമ്മേളനത്തിൽ അറിയിച്ചു.
മാർച്ച് ഒന്നിനു രാവിലെ 10.30ന് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ മന്ത്രി വി.എസ്.സുനിൽകുമാർ ഉദ്ഘാടനം നിർവഹിക്കും. ഇതോടൊപ്പം ദേവസ്വത്തിന്റെ യുട്യൂബ് ചാനൽ , ഫെയിസ് ബുക്ക് പേജ് എന്നിവയുടെയും ഉദ്ഘാടനം മന്ത്രി നിർവഹിക്കും.
കവി എസ്.രമേശൻ നായർ രചനയും എം.ജയചന്ദ്രൻ സംഗീത സംവിധാനവും നിർവഹിച്ചിട്ടുള്ളത്. പി.ജയചന്ദ്രൻ, എം.ജി.ശ്രീകുമാർ തുടങ്ങിയവരാണ് ആലാപനം നടത്തിയിട്ടുള്ളത്.
ദേവസ്വം ഭരണസമിതി അംഗങ്ങളായ എ.വി.പ്രശാന്ത്,കെ.വി.ഷാജി,മല്ലിശ്ശേരി പരമേശ്വരൻ നന്പൂതിരിപ്പാട്, ഇ.പി.ആർ.വേശാല, കെ.അജിത്, അഡ്മിനിസ്ട്രേറ്റർ എസ്.വി.ശിശിർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
“ഇ -ദേവസ്വം’ പദ്ധതി ഏപ്രിൽ ഒന്നു മുതൽ
ഗുരുവായൂർ: ദേവസ്വം ഓണ്ലൈൻ സംവിധാനത്തിലേക്കു മാറുന്നു. ഏപ്രിൽ ഒന്നുമുതൽ നടപ്പാക്കാനാണ് ഉദ്യേശിക്കുന്നത്. ദേവസ്വത്തിന്റെ വഴിപാടുകൾ ,മുറി ബുക്കിംഗുകൾ തുടങ്ങി മുഴുവൻ സംവിധാനങ്ങളും ’ഇ - ദേവസ്വം’ പദ്ധതി വഴി ഭക്തർക്ക് ഉപയോഗപെടുത്താം.
പുതിയ ആശുപത്രി കെട്ടിടം നിർമിക്കുന്നു
ഗുരുവായൂർ: അത്യാധുനിക സംവിധാനമുള്ള പുതിയ ആശുപത്രി നിർമിക്കാനുള്ള രൂപരേഖ തയാറായതായി ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസ് അറിയിച്ചു. ഇപ്പഴുള്ള ആശുപത്രിക്കു സമീപം അഞ്ചു നിലകളിലായാണു പുതിയ ആശുപത്രി കെട്ടിടം നിർമിക്കുന്നത്.
കമ്മീഷണറുടെ അനുമതി ലഭിച്ചാലുടൻ ടെൻഡർ നൽകി നിർമാണ പ്രവർത്തികൾ ആരംഭിക്കും. പാഞ്ചജന്യത്തിനു സമീപത്തുള്ള ദേവസ്വം ജീവനക്കാരുടെ ക്വാർട്ടേഴ്സ് ഇവിടെ നിന്നു മാറ്റും.
ജീവനക്കാർക്കു താമസിക്കുന്നതിനായി തിരുത്തിക്കാട്ട് പറന്പിൽ 11നിലകളിലായി ഫ്ലാറ്റ് സമുച്ചയം നിർമിക്കും. പാഞ്ചജന്യം അനക്സ് കെട്ടിടത്തിൽ പ്രകൃതി ക്ഷോഭങ്ങൾ അതിജീവിക്കുന്നതിനുള്ള സംവിധാനങ്ങൾ ഒന്നും ഉൾപ്പെടുത്താതെയാണു മുൻകാലത്തു നിർമാണം നടത്തിയിട്ടുള്ളത്.
അതിനാൽ പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തി നിർമാണം പൂർത്തീകരിക്കാനാകുമോ എന്നു പരിശോധിക്കും .കഴിഞ്ഞ ഭരണസമിതിയുടെ കാലത്തു തുടങ്ങിവച്ച വികസനപ്രവർത്തനങ്ങൾ പൂർത്തീകരിക്കുമെന്നും ചെയർമാൻ കെ.ബി.മോഹൻദാസ് അറിയിച്ചു.
ക്ഷേത്രത്തിനു ചുറ്റും 100 മീറ്ററിൽ ദേവസ്വം നിർമാണങ്ങൾക്ക് കോടതി അനുമതി
ഗുരുവായൂർ: ക്ഷേത്രത്തിന് ചുറ്റും 100 മീറ്ററിനുള്ളിൽ ക്ഷേത്രാവശ്യങ്ങൾക്കു വേണ്ടിയുള്ള നിർമാണ പ്രവർത്തനങ്ങൾക്കു കോടതി അനുമതി നൽകിയാതായി ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസ് അറിയിച്ചു.
കോടതി വിധി ലഭിച്ചാലുടൻ നഗരസഭയിയൽ നൽകി നിർമാണ തടസങ്ങൾ നീക്കും. തെക്കേനടയിലെ താത്കാലിക പന്തലും പടിഞ്ഞാറെനടയിൽ കലവറയും നിർമിക്കുന്നതിനിടെ നഗരസഭ 100 മീറ്ററിലെ നിർമാണം പാടില്ലെന്നു പറഞ്ഞ് തടഞ്ഞിരുന്നു.
തടസം നീക്കുന്നതിനായാണു ദേവസ്വം കോടതിയെ സമീപിച്ചത്. നഗരസഭയുടെ തടസം നീങ്ങിയാലുടൻ നിർത്തി വച്ചിട്ടുളള നിർമാണങ്ങൾ പൂർത്തീകരിക്കും.