തൃശൂർ: പട്ടയം തരാമെന്നു പറഞ്ഞ് ചീഫ് വിപ്പും മന്ത്രിമാരും വാക്കുപറഞ്ഞിട്ടും യാതൊരു നടപടിയുമെടുക്കാത്തതിൽ പ്രതിഷേധിച്ച് മലയോര കർഷകർ അനിശ്ചിതകാല നിരാഹാര സമരത്തിനൊരുങ്ങുന്നു. 24 മുതൽ കളക്ടറേറ്റിലാണ് സമരമാരംഭിക്കുന്നത്.
സർക്കാരിന്റെ നിരന്തരമായ വാഗ്ദാന ലംഘനത്തിനെതിരെ മരണംവരെ കളക്ടറേറ്റിനു മുന്നിൽ നിരാഹരസമരം അനുഷ്ഠിക്കാനാണ് മലയോര സംരക്ഷണ സമിതിയുടെ തീരുമാനമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഒല്ലൂർ നിയോജകമണ്ഡലത്തിലെ പുത്തൂർ, നടത്തറ, മാടക്കത്തറ, പാണഞ്ചേരി പഞ്ചായത്തുകളിലായി പതിനായിരം കുടുംബങ്ങളാണ് പട്ടയത്തിനായി വർഷങ്ങളായി കാത്തിരിപ്പു തുടരുന്നത്.
പ്രതിഷേധങ്ങളെത്തുടർന്ന് ഇക്കഴിഞ്ഞ ഓഗസ്റ്റ് എട്ടിനു ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 2019 ഡിസംബറിനുള്ളിൽ സംയുക്ത പരിശോധന കഴിഞ്ഞതും, പട്ടയം മുൻപ് അനുവദിച്ചതും യഥാസമയം നൽകാതെ പോയതുമായ 2500 പേർക്കു വേഗത്തിലും ബാക്കിയുള്ളവർക്കു നടപടിക്രമങ്ങൾ പൂർത്തിയാകുന്നതനുസരിച്ചും പട്ടയം നൽകുമെന്നു ധാരണയായിരുന്നു.
മന്ത്രിമാരായ വി.എസ്. സുനിൽകുമാർ, എ.സി. മൊയ്തീൻ, ചീഫ് വിപ്പും ഒല്ലൂർ എംഎൽഎയുമായ കെ. രാജൻ എന്നിവരുടെ സാന്നിധ്യത്തിലാണ് ഈ ഉറപ്പുകൾ നൽകിയതെങ്കിലും അവ പാലിക്കപ്പെട്ടില്ലെന്നു സമരസമിതി നേതാക്കൾ ചൂണ്ടിക്കാട്ടി.
മലയോര സംരക്ഷണസമിതി രക്ഷാധികാരി ഫാ. ജോർജ് കണ്ണംപ്ലാക്കൽ, ജില്ലാ കണ്‍വീനർ കെ.കെ ജോർജ്, നിയമോപദേശകൻ ഷാജി കോടങ്കണ്ടത്ത്, എം.വി. ചന്ദ്രൻ, പി.കെ. ഗോപി എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.