പത്തനാപുരം: ഇളമ്പൽ ഗവൺമെന്റ് യു പി സ്കൂളിൽ നടന്ന സാമൂഹിക വിരുദ്ധ ആക്രമണത്തിലെ പ്രതികളെ പിടികൂടിയതോടെ ഒഴിവായത് ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായേക്കാവുന്ന സംഘര്‍ഷമാണ്.
ഇരുവിഭാഗം രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ സ്കൂളിന്റെ ശോചനാവസ്ഥയെയും,അടുത്ത കാലത്തായുണ്ടായ നവീകരണ പ്രവര്‍ത്തനങ്ങളെയും ചൊല്ലി നേരത്തേ തര്‍ക്കമുണ്ടായിരുന്നു.
ഈ തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് സ്കൂളിന് നേരെ അക്രമം നടക്കുന്നത്.ഇതേ ചൊല്ലി ഇരുവിഭാഗങ്ങളും തമ്മില്‍ ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തെത്തുകയും ചെയ്തു.
ഇത് സംഘര്‍ഷത്തില്‍ കലാശിക്കുമെന്ന ഘട്ടം വന്നപ്പോഴാണ് പോലീസിന്റെ തന്ത്രപരമായ നീക്കത്തില്‍ യഥാര്‍ത്ഥ അക്രമികള്‍ പിടിയിലായത്. സ്കൂളിലെ പൊതുമുതലുകൾക്കു നാശനഷ്ടം വരുത്തിയ കേസിലാണ് മൂന്ന് പ്രതികൾ കുന്നിക്കോട് പോലീസിന്റെ പിടിയിലായത്.
പ്രതികൾ മൂവരും പ്രായപൂർത്തിയാകാത്തവരാണെന്നതാണ് പ്രത്യേകത. മൂന്ന് പ്രതികളിൽ ഒരാൾ ഇതേ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയും രണ്ടാമത്തെയാൾ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും മൂന്നാമത്തെ ആൾ മറ്റൊരു സ്കൂളിലെ വിദ്യാർഥിയുമാണ് ഇവർ മൂവരും ഒരേ പ്രദേശത്ത് താമസിക്കുന്നവരാണ്.
ഒരു ദിവസം ഫുട്ബോൾ കളി കഴിഞ്ഞതിനുശേഷം മറ്റ് കുട്ടികൾ എല്ലാം പോയ സമയത്ത് പ്രതികളായ കുട്ടികൾ മൂവരും ചേർന്ന് നടത്തിയതായിരുന്നു സ്കൂളിലെ പൊതുമുതൽ നശിപ്പിക്കുന്ന പ്രവൃത്തി. പ്രതികൾ മൈനർ ആയതിനാൽ മൂവരെയും ബാലനീതി ബോർഡിനു മുൻപിൽ പോലീസ് ഹാജരാക്കി.
യാതൊരു തുമ്പും കിട്ടാതിരുന്ന ഈ കേസ് ക്രിയാത്മകമായ അന്വേഷണത്തിലൂടെ പ്രതികളിലേക്ക് എത്തി കുറ്റം തെളിയിക്കാൻ സാധിച്ചതിലൂടെ പ്രദേശത്ത് നിലനിന്നിരുന്ന സംഘർഷ സാധ്യത ഇല്ലാതാക്കാൻ സാധിച്ചു.