ചാത്തന്നൂർ: ചാത്തന്നൂരിൽ നിന്നും കൊട്ടിയം കല്ലന്പലം റൂട്ടിലെ യാത്രക്കാരുടെ ദുരിതത്തിന് കെഎസ്ആർടിസി. പരിഹാരം ഉണ്ടാക്കണമെന്ന ആവശ്യം ശക്തമായി. സന്ധ്യയാകുന്നതോടെ ജോലി കഴിഞ്ഞെത്തുന്ന തൊഴിലാളി കളും ജീവനക്കാരും ട്യൂഷൻ കഴിഞ്ഞെത്തുന്ന വിദ്യാർത്ഥികളും ചേർന്ന യാത്രക്കാരെ കൊണ്ട് ചാത്തന്നൂർ ജംഗ്ഷൻ ജനനിബിഡമാക്കും.
ചാത്തന്നൂരിൽ നിന്നും പടിഞ്ഞാറ് ഭാഗത്തെ പല സ്ഥലങ്ങളിലേയ്ക്കും സ്വകാര്യ ബസും ഉൾപ്പെടെ സർവീസ് നടത്തുന്നതിനാൽ ഈ ഭാഗത്തേയ്ക്കുള്ള യാത്രക്കാർക്ക് അധികം ദുരിതമനുഭവിക്കേണ്ടി വരുന്നില്ല.
എന്നാൽ കിഴക്ക് ഭാഗത്തേക്ക് സ്വകാര്യ ബസുകൾ ഒന്നും സർവീസ് നടത്തുന്നില്ല. ഇരുട്ടു വീഴുന്നതോടെ കൗമാരക്കാരായ വിദ്യാർത്ഥികൾ ഉൾപ്പെടെ വീട്ടിലെത്താനുള്ള തിടുക്കത്തിൽ ബസ് ഇല്ലാത്തതുമൂലമുള്ള ദുരിതം പറഞ്ഞറിയിക്കാൻ പറ്റില്ല.
കൊല്ലത്തു നിന്നും ആളുകളെ കുത്തിനിറച്ചെത്തുന്ന ഫാസ്റ്റ് പാസഞ്ചർ ബസുകളാണ് കുറച്ചെങ്കിലും ഈ സമയത്തുള്ളത്. എങ്ങനെയെങ്കിലും കുറെപ്പേർ ഈ ബസുകളിൽ കയറിപ്പറ്റും. മറ്റുള്ളവർ പെരുവഴിയിൽ തന്നെ.
കെഎസ്.ആർ.ടി.സി.യ്ക്ക് നിസാരമായി ഈ പ്രശ്നം പരിഹരിക്കാൻ കഴിയും. ഈ സമയം യാത്രക്കാരില്ലാതെ പല വഴിക്കും ഓടുന്ന ഓർഡിനറി ബസുകളുണ്ട്.
ഷെഡ്യൂളിൽ ചെറിയൊരു മാറ്റം വരുത്തി ഇവയിൽ ചിലത് കൊട്ടിയം – പാരിപ്പള്ളി – കല്ലമ്പലം റൂട്ടിൽ ഓടിച്ചാൽ പ്രശ്നത്തിന് പരിഹാരമുണ്ടാക്കുവാൻ കഴിയുമെന്ന് മാമ്പള്ളിക്കുന്നം ഗാന്ധിനഗർ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജി.ദിവാകരൻ ആവശ്യപ്പെട്ടു.