കൊട്ടാരക്കര: പട്ടിൽ പൊതിഞ്ഞ് കാഴ്ചയ്ക്ക് ഭംഗിയുള്ളതായി അവതരിപ്പിച്ച കേന്ദ്ര ബജറ്റ് പാവപ്പെട്ട ജനങ്ങളെ പട്ടിണിയിലാക്കുന്നതാണെന്ന് സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവംഗം കെ ആർ ചന്ദ്രമോഹനൻ അഭിപ്രായപ്പെട്ടു.
കേന്ദ്ര ബജറ്റിനെതിരെ ദേശവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി എൽ ഡി എഫ് കൊട്ടാരക്കരയിൽ സംഘടിപ്പിച്ച ഹെഡ്പോസ്റ്റോഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കാർഷിക തകർച്ചയും തൊഴിലില്ലായ്മയും രൂക്ഷമാക്കാൻ വഴിയൊരുക്കുന്ന ബജറ്റാണ് കേന്ദ്ര ബജറ്റ്. രാജ്യത്തിന്റെ പൊതുസ്വത്ത് കോർപറേറ്റ്കൾക്ക് വൻതോതിൽ വിറ്റഴിക്കാനുള്ള ഗൂഡ ലക്ഷ്യമാണ് ബജറ്റിലുള്ളത്. കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള കടുത്ത അവഗണാരാഷട്രീയ പ്രേരിതമാണ്.
സംസ്ഥാനം സമർപ്പിച്ച പദ്ധതികളെ കേന്ദ്രം തിരിഞ്ഞു നോക്കിയില്ല. റെയിൽവേ വികസനം, ശബരിറെയിൽ പാത, എയിംസ്, റെയിൽ കോച്ച് തുടങ്ങിയവയെ കണ്ടില്ലെന്ന് നടിക്കുകയാണ് ചെയ്തത്. ജന വിരുദ്ധ ബജറ്റിനെതിരെ രാജ്യവ്യാപകമായി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജി സുന്ദരേശൻ അധ്യക്ഷത വഹിച്ചു. എൽ ഡി എഫ് കൺവീനർ കെ എസ് ഇന്ദുശേഖരൻ നായർ, സി പി ഐ ജില്ലാ എക്സിക്യൂട്ടീവംഗം എ മന്മഥൻ നായർ, എസ്.ആർ.രമേഷ്, പി.എ.എബ്രഹാം. തൃക്കണ്ണമംഗൽ ജോയിക്കുട്ടി. എ എസ് ഷാജി, ആർ മുരളീധരൻ, ഡി രാമകൃഷ്ണപിള്ള, മധു മുട്ടറ, ജി മാധവൻ നായർ, തങ്കപ്പൻ പിള്ള, സി മുകേഷ്, സി ആർ രാമവർമ്മ, കൃഷ്ണൻകുട്ടി, ശങ്കരൻ കുട്ടി, ചന്ദ്രഹാസൻ എന്നിവർ പ്രസംഗിച്ചു.