വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ ആദ്യ ദിവസത്തെ ഷൂട്ടിംഗ് കഴിഞ്ഞപ്പോൾ അച്ഛനെ വിളിച്ച് താൻ കരഞ്ഞുവെന്ന് കല്യാണി പ്രിയദർശൻ. ചിത്രത്തിൽ ഏറ്റവും ദുർബലമായ പ്രകടനം തന്റേത് ആണെന്നും ബാക്കിയുള്ളവർ എല്ലാവരും ഗംഭീരമായി അഭിനയിക്കുന്നതായും തനിക്കു തോന്നി.
അതുകൊണ്ടുതന്നെ ലഭിച്ച വേഷം അഭിനയിച്ച് ഫലിപ്പിക്കാൻ തനിക്ക് കഴിയുമോയെന്ന് പേടിയുണ്ടായിരുന്നു. ഇതുകൊണ്ടാണ് താൻ അച്ഛനെ വിളിച്ച് കരഞ്ഞതെന്ന് കല്യാണി പറയുന്നു.
എന്നാൽ പിന്നീട് കൂടെയുള്ളവർ തന്നെ ഒരുപാട് സഹായിച്ചുവെന്നും അവരുടെ പിന്തുണ കൊണ്ടാണ് ഇപ്പോൾ എല്ലാവരും തന്റെ പ്രകടനത്തെ കുറിച്ച് നല്ലത് പറയുന്നതെന്നും കല്യാണി പറയുന്നു. നിഖിത എന്ന കഥാപാത്രമായാണ് കല്യാണി ചിത്രത്തിൽ അഭിനയിക്കുന്നത്.
നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ് വരനെ ആവശ്യമുണ്ട് എന്ന ചിത്രം. സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യനാണ് ചിത്രം സംവിധാനം ചെയ്തത്.
അനൂപ് സത്യന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് ചിത്രം. ദുൽഖർ സൽമാന്റെ നിർമാണ സംരംഭമായ വേഫെയറർ ഫിലിംസാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ദുൽഖർ ചിത്രത്തിൽ ശ്രദ്ധേയ വേഷവും ചെയ്തിട്ടുണ്ട്. ഏറെക്കാലത്തെ ഇടവേളയ്ക്കുശേഷം സുരേഷ് ഗോപിയും ശോഭനയും ഈ ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്.