ക്രൂര മര്‍ദ്ദനങ്ങളും മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന പീഡനങ്ങളും അരങ്ങേറുന്ന ഉത്തര്‍പ്രദേശില്‍ നിന്നും രാജ്യത്തിന് തന്നെ അപമാനമുണ്ടാക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നു.
പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിക്കുവാന്‍ ഉത്തരക്കടലാസില്‍ നൂറ് രൂപ കെട്ടിവയ്ക്കണമെന്നാണ് വിദ്യാര്‍ഥികള്‍ക്ക് സ്കൂള്‍ പ്രിന്‍സിപ്പലിന്റെ വക ഉപദേശം.
ലക്നൗവില്‍ നിന്നും 300 കിലോമീറ്റര്‍ അകലെ മാവു ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്കൂളിലെ മാനേജരും പ്രിന്‍സിപ്പലുമായ ഇദ്ദേഹത്തിന്റെ പേര് പ്രവീണ്‍ മാള്‍ എന്നാണ്.
പണം നല്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇഷ്ടം പോലെ മാര്‍ക്ക് നല്‍കണമെന്നും അദ്ദേഹം അധ്യാപകരോട് നിര്‍ദ്ദേശിച്ചു. പരീക്ഷയ്ക്ക് മുന്നോടിയായുള്ള യോഗത്തിനിടെയാണ് പ്രിന്‍സിപ്പലിന്റെ ഉപദേശം.
വിദ്യാര്‍ഥികള്‍ക്കൊപ്പം മാതാപിതാക്കളും യോഗത്തില്‍ പങ്കെടുത്തിരുന്നു. വിദ്യാര്‍ഥികളിലൊരാള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തായത്.
സ്കൂളിലെ ഒരു കുട്ടി പോലും തോല്‍ക്കില്ല. നിങ്ങള്‍ ഭയപ്പടേണ്ട കാര്യമില്ല. സംസാരിച്ചുകൊണ്ട് പരീക്ഷ എഴുതുവാന്‍ ഭയം വേണ്ട. പരിക്ഷയ്ക്ക് ഇടയില്‍ നിങ്ങള്‍ക്ക് സംസാരിക്കാം. എന്നാല്‍ അടുത്തിരിക്കുന്ന ആളെ സ്പര്‍ശിക്കരുത്.
ഇന്‍വിജിലേറ്ററായി വരുന്നയാള്‍ തന്റെ സുഹൃത്താണ്. ആരെങ്കിലും കോപ്പിയടിക്കുന്നത് കണ്ട് പിടിച്ച് രണ്ട് അടി തന്നാലും പേടിക്കേണ്ട. അത് സഹിച്ചാല്‍ മതി. ഉത്തരക്കടലാസില്‍ ഒന്നും എഴുതിയില്ലെങ്കിലും കുഴപ്പമില്ല അതില്‍ 100 രൂപ വച്ചാല്‍ മതി. അധ്യാപകര്‍ കണ്ണടച്ച് മാര്‍ക്ക് നല്‍കും.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പരാതി നല്കുവാനാണ് വിദ്യാര്‍ഥി ദൃശ്യങ്ങള്‍ പകര്‍ത്തിയത്. സംഭവം പുറത്തായതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തു.