അഹമ്മദാബാദ്: ഇന്ത്യയിൽ എത്തുന്ന തന്നെ സ്വീകരിക്കാൻ 70 ലക്ഷം പേർ എത്തുമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞത്.
തന്റെ റോഡ് ഷോയ്ക്ക് ഇരുവശവുമായി ഇത്രയധികം പേർ തിങ്ങിക്കൂടുമെന്ന് ആവേശപൂർവം അദ്ദേഹം പറഞ്ഞുവെങ്കിലും കഷ്ടിച്ച് ഒരു ലക്ഷം പേരെയാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് അഹമ്മദാബാദ് മുനിസിപ്പൽ കമ്മീഷണർ അറിയിച്ചു.
ഇപ്പോഴത്തെ തീരുമാനപ്രകാരം വിമാനത്താവളത്തിൽ നിന്ന് ട്രംപും മോദിയും ആദ്യമെത്തുന്നത് മഹാത്മാഗാന്ധിയുടെ ജീവിതവുമായി ഏറെ അടുപ്പമുള്ള സബർമതി ആശ്രമത്തിലാണ്.
ഇവിടെ നിന്നും ഇരുവരും എസ്പി റിംഗ് റോഡ് വഴി ഇന്ദിരാ പാലവും കടന്ന് പുതുതായി നിർമിച്ച ക്രിക്കറ്റ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്യാനെത്തും. തുടർന്ന് ട്രംപും മോദിയും ജനത്തെ അഭിസംബോധന ചെയ്ത് പ്രസംഗിക്കും.
ലോകത്തിലെ ഏറ്റവും പഴയ ജനാധിപത്യവും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യവും തമ്മിൽ 24ന് കണ്ടുമുട്ടുകയാണെന്നാണ് ട്രംപിന്റെ വരവിനെക്കുറിച്ച് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ട്വറ്ററിൽ കുറിച്ചത്.