അങ്കമാലി: ആശിച്ച ജോലി സഫലമാക്കാൻ ബംഗളൂരുവിൽ പോയി മടങ്ങവെയാണ് മോഹങ്ങൾ ബാക്കിയാക്കി അങ്കമാലി തുറവൂർ കിടങ്ങേൻ ഷാജുവിന്റെ മകൻ ജിസ്മോൻ യാത്രയായത്.
എറണാകുളത്തെ കന്പനിയിൽ ഇന്ന് നടക്കുന്ന അഭിമുഖത്തിന് മുന്നോടിയായി പരിശീലനത്തിന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജിസ്മോൻ ബംഗളൂരുവിലേക്ക് പോയത്.
ഇന്റർവ്യൂവിന് ഒരു ദിവസം മുൻപേ നാട്ടിലെത്തി തയാറെടുപ്പുകൾ നടത്താൻ ബുധനാഴ്ച വൈകുന്നേരം മടക്കയാത്ര തീരുമാനിച്ചു. ട്രെയിനിനായിരുന്നു ആദ്യം ശ്രമം നടത്തിയത്.
ടിക്കറ്റ് ലഭിക്കാതായതോടെയാണ് ബസിൽ മടങ്ങാമെന്ന് തീരുമാനിച്ചത്. ഒടുവിൽ അത് അന്ത്യയാത്രയായി. രാവിലെ മകൻ എത്തുന്നതും കാത്തിരുന്ന പിതാവ് ഷാജു പുലർച്ചെ ഫോണിൽ വിളിച്ചപ്പോഴൊന്നും മറുപടിയുണ്ടായില്ല.
ബംഗളൂരുവിലെ ബന്ധുവിനെ വിളിച്ചെങ്കിലും ഫോണ് കിട്ടിയില്ല. രാവിലെ ഏഴോടെ അപകടവിവരം ബംഗളൂരുവിലെ ബന്ധു തുറവൂരിലെ വീട്ടിലേക്കു വിളിച്ചപ്പോഴാണ് വീട്ടുകാർ വിവരം അറിയുന്നത്.
വാഴക്കുളം വിശ്വജ്യോതി കോളജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ നിന്ന് ഒരു വർഷം മുന്പാണ് ജിസ്മോൻ ബിടെക് വിജയിച്ചത്. എറണാകുളത്തെ കന്പനിയിൽ ജോലി ചെയ്തിരുന്ന സുഹൃത്ത് അമലിന്റെ ഇന്ദിരാനഗറിലെ ഫ്ലാറ്റിലാണ് ജിസ്മോൻ താമസിച്ചത്.
ഇന്റർവ്യൂ നടത്തുന്ന കന്പനിയുടെ സോഫ്ട്വെയറിന്റെ പ്രത്യേകതകൾ മനസിലാക്കുന്നതിനും പരിശീലിക്കുന്നതിനു വേണ്ടിയാണ് ബംഗളൂരുവിലേക്ക് പോയത്. ബംഗളൂരുവിൽ സുഹൃത്തുമൊത്ത് ജോലി അന്വേഷിക്കുകയും ചെയ്തിരുന്നു.
അങ്കമാലിയിലേക്ക് ട്രെയിനിനു മടങ്ങാനായിരുന്നു നിശ്ചയിച്ചിരുന്നത്. ടിക്കറ്റ് ലഭിക്കാത്തതിനാലാണ് ബസിനു ടിക്കറ്റ് ബുക്ക് ചെയ്തത്. ബസിലാണ് പോകുന്നതെന്നും സെന്റ് ജോണ്സ് ഹോസ്പിറ്റൽ സ്റ്റോപ്പിൽ നിന്നാണ് കയറുന്നതെന്നും ക്രൈസ്റ്റ് കോളജിൽ പഠിക്കുന്ന ബംഗളൂരുവിലുള്ള ബന്ധു റോണിയെ ജിസ്മോൻ അറിയിച്ചിരുന്നു.
റോണിയാണ് ജിസ്മോനെ ബസ് കയറ്റിവിട്ടത്. രാത്രി 8.30ന് വരേണ്ട ബസ് 9.15നാണ് എത്തിയത്. വലതുവശത്തായാണ് സീറ്റു ലഭിച്ചത്. ജിസ്മോൻ അവിവാഹിതനാണ്.
തുറവൂർ ജംഗ്ഷനിലെ പലചരക്ക് വ്യാപാരം നടത്തുകയാണ് പിതാവ് ഷാജു. വടക്കേ കിടങ്ങൂർ പള്ളിപ്പാട്ട് ഷൈനിയാണ് അമ്മ. സഹോദരൻ: ജോമോൻ .