എരുമപ്പെട്ടി (തൃശൂർ): മധുവിധു തീരുംമുമ്പേ അനുവിനെ മരണം തട്ടിയെടുത്തു. അവിനാശി ബസപകടത്തിൽ മരിച്ച എയ്യാൽ സ്വദേശിനി അനുവിന്റെയും എരുമപ്പെട്ടി വാഴപ്പിള്ളി സ്നിജോ ജോസിന്റെയും വിവാഹം ഇക്കഴിഞ്ഞ ജനുവരി 19 നായിരുന്നു.
ഒരുമാസം തികയുമ്പോഴാണു ബസപകടം അനുവിന്റെ ജീവൻ കവർന്നെടുത്തത്. ഇന്നലെ രാവിലെ അനുവിനെ കൂട്ടിക്കൊണ്ടുപോകാൻ തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിലെത്തിയ സ്നിജോയെ തേടിയെത്തിയത് അനുവിന്റെ മരണവാർത്തയായിരുന്നു.
വിവാഹത്തിനുശേഷം അനുവും സ്നിജോയും മധുവിധു യാത്രകളിലായിരുന്നു. തായ്ലാൻഡ് യാത്ര നിശ്ചയിച്ചിരുന്നെങ്കിലും കൊറോണ ഭീതി പടർന്നതിനെതുടർന്നു മാറ്റിവയ്ക്കുകയായിരുന്നു. പകരം ഡൽഹി, കുളു, മണാലി എന്നിവിടങ്ങൾ സന്ദർശിച്ചു കഴിഞ്ഞ ഒന്പതിനു ബംഗളൂരുവിൽ തിരിച്ചെത്തി.
ബംഗളൂരു ഒപ്റ്റം എന്ന സ്വകാര്യ സ്ഥാപനത്തിൽ മെഡിക്കൽ കോഡർ ആയി ജോലിചെയ്യുകയായിരുന്നു അനു. പ്ലസ് ടുവിനുശേഷം ബംഗളൂരിൽ ബന്ധുവീട്ടിൽനിന്നാണ് അനു പഠിച്ചത്. പാരാമെഡിക്കൽ കോഴ്സ് പൂർത്തിയാക്കി അവിടെ ജോലിയിൽ പ്രവേശിച്ചു.
23നു ഖത്തറിലേക്കു തിരിച്ചു പോകേണ്ടതിനാൽ സ്നിജോ 17നു ബംഗളൂരുവിൽനിന്നു നാട്ടിലേക്കു വന്നിരുന്നു. വെള്ളിയാഴ്ചവരെ ജോലിയുണ്ടായിരുന്ന അനുവിനു ലീവ് നേരത്തേ അനുവദിച്ചതിനാലാണു ബുധനാഴ്ചതന്നെ നാട്ടിലേക്കു പോന്നത്.
ബസിൽ കയറിയശേഷം “ലെഫ്റ്റ് സൈഡിൽ സീറ്റ് കിട്ടി സുഖമായിരിക്കുന്നു’വെന്നു പറഞ്ഞ് അനു വിളിച്ചതായി വീട്ടുകാർ പറഞ്ഞു. രാവിലെ കെഎസ്ആർടിസി സ്റ്റാൻഡിൽ അനുവിനെ കൂട്ടിക്കൊണ്ടുവരാനായി സ്നിജോ എത്തി.
അനുവിന്റെ ഫോണിലേക്കു വിളിച്ചപ്പോൾ എടുത്തില്ല. ബസ് അപകടത്തിൽപെട്ടെന്നും ഉടനെ അവിനാശിയിലേക്കു വരണമെന്നും പിന്നീട് ഫോൺ എടുത്തയാൾ പറഞ്ഞു.
ഉടനെ സഹോദരങ്ങളെയും കൂട്ടി അവിടെ പോയി മൃതദേഹം തിരിച്ചറിയുകയായിരുന്നു. അനുവിന്റെ മുഖത്തിന്റെ ഒരുഭാഗം ആകെ തകർന്നിരുന്നു…
മൃതദേഹം വൈകീട്ട് എരുമപ്പെട്ടി കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചു. മന്ത്രി എ.സി. മൊയ്തീൻ, ജില്ലാ കളക്ടർ എസ്. ഷാനവാസ്, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത്ലാൽ, എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് മീന ശലമോൻ തുടങ്ങിയവർ ആശുപത്രിയിലെത്തി.
മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി എ.സി. മൊയ്തീനും ജില്ലാ ഭരണകൂടത്തിനു വേണ്ടി കളക്ടറും റീത്ത് സമർപ്പിച്ചു.