തിരുപ്പതി: അവിനാശി വാഹനാപകടത്തിന് കാരണമായ കണ്ടെയ്നർ ലോറി ഡ്രൈവർ ഹേമരാജിനെതിരേ പോലീസ് കേസെടുത്തു. മനപൂർവ്വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. അശ്രദ്ധമായി വാഹനമോടിച്ചതിനാണ് നടപടി.
ഹേമരാജിന്റെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുമെന്നും പോലീസ് അറിയിച്ചു. ഹേമരാജ് അപകടത്തിന് പിന്നാലെ പോലീസിൽ കീഴടങ്ങിയിരുന്നു.
കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ട് ദേശീയപാതയുടെ മീഡിയനിലൂടെ 50 മീറ്റർ സഞ്ചരിച്ച ശേഷമാണ് എതിർ ദിശയിൽ വന്ന ബസിലിടിച്ചതെന്ന് മോട്ടോർ വാഹനവകുപ്പിന്റെ പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.
മീഡിയനിൽ കയറിയതിന് പിന്നാലെ കണ്ടെയ്നറിന്റെ ടയർ പൊട്ടി. ഇതോടെ വശത്തേക്ക് ചെരിഞ്ഞ് ബസിന്റെ വലത് വശത്തേക്ക് ഇടിച്ചുകയറുകയായിരുന്നു.