സ്വന്തം ലേഖകൻ
കണ്ണൂർ: സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ വാഹനത്തിന്റെ യഥാർഥ വിലയെക്കാൾ കുടൂതൽ തുക കാണിച്ച് പണം തട്ടുന്ന സംഘങ്ങൾ സംസ്ഥാനത്ത് സജീവം. വാഹന ഡീലർമാരുടെ സഹായത്തോടെ വാഹനത്തിന്റെ യഥാർഥ വിലയെക്കാൾ കൂടുതൽ തുക ബില്ലിൽ കാണിച്ചാണ് ഇവർ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ നിന്ന് പണം കരസ്ഥമാക്കുന്നത്.
കണ്ണൂരിൽ രണ്ട് പോലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തു. കണ്ണൂരിലെ പ്രമുഖ ആർടിഒ ഏജന്റ് ഉൾപ്പെടുന്ന സംഘമാണ് തട്ടിപ്പ് നടത്തുന്നത്. കണ്ണൂരിലെ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനം നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ ടൗൺ പോലീസ് അന്വേഷണം ആരംഭിച്ചു.
സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ മുന്നിൽ നിർത്തിയാണ് സ്വകാര്യപണമിടപാട് സ്ഥാപനങ്ങളിൽ നിന്ന് ഇത്തരം സംഘങ്ങൾ വായ്പ എടുക്കുന്നത്. വലിയ വാഹനങ്ങൾ വാങ്ങുവാനാണ് ഇവർ പണമിടപാട് സ്ഥാപനങ്ങളെ സമീപിക്കുന്നത്.
വാഹനത്തിന്റെ ചെയ്സ് വാങ്ങുന്പോൾ തന്നെ പണമിടപാട് സ്ഥാപനം തുക മുഴുവൻ ഇവർക്ക് നൽകുന്നുണ്ട്. വാഹനം തന്നെയാണ് ഈടായി സ്ഥാപനത്തിന് നൽകുന്നതും. നിശ്ചിത കാലയളവിനുള്ളിൽ ബാക്കി പണി പൂർത്തിയാക്കി വാഹനം രജിസ്റ്റർ ചെയ്ത് നിരത്തിലിറക്കണമെന്നാണ് വ്യവസ്ഥ.
എന്നാൽ, പണം മുഴുവൻ ഈടാക്കിയശേഷം വാഹനങ്ങളുടെ പണി പൂർത്തിയാക്കാൻ ഇത്തരം റാക്കറ്റ് തയാറാകുന്നില്ല. ജപ്തി നടപടികളുമായി പണമിടപാട് സ്ഥാപനങ്ങൾ പോകുന്പോൾ വാഹനത്തിന്റെ ചെയ്സ് മാത്രം ജപ്തി ചെയ്താൽ ഇവർക്കുള്ള തുകയും ലഭിക്കുന്നില്ല.
കണ്ണൂർ കേന്ദ്രീകരിച്ച് ഇത്തരം തട്ടിപ്പ് നടത്തുന്ന റാക്കറ്റിനെതിരേ കണ്ണൂരിലെ പ്രമുഖ സ്വകാര്യ പണമിടപാട് സ്ഥാപനം കണ്ണൂർ ടൗൺ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇവർക്കെതിരേ കോടതിയെയും സമീപിച്ചിട്ടുണ്ട്. ബിഎസ് 4 വാഹനങ്ങളുടെ രജിസ്ട്രേഷൻ മാർച്ച് മാസത്തോടെ അവസാനിക്കുകയാണ്.
ചെയ്സ് വാങ്ങിയവർ പണി പൂർത്തിയാക്കിയില്ലെങ്കിൽ മാർച്ച് അവസാനത്തോടെ ഇവരുടെ വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാകും. അതോടെ വായ്പ നൽകിയ കന്പനികൾക്ക് ജപ്തി നടപടികളുമായി മുന്നോട്ട് പോയാലും മുടക്കിയ തുക ലഭിക്കുകയില്ല.
ഒരു വാഹനം വാങ്ങുവാൻ ലോൺ എടുക്കുന്പോൾ അഞ്ചു ലക്ഷം രൂപയോളം സംഘത്തിന് ലഭിക്കുന്നുണ്ടെന്നാണ് സൂചന.