തളിപ്പറമ്പ്: വിവേകാനന്ദ സ്വാമികൾ ഇന്ന് ജീവിച്ചിരുന്നുവെങ്കിൽ സംഘപരിവാരം അദ്ദേഹത്തെ കൊല്ലുമായിരുന്നുവെന്ന് സ്വാമി സന്ദീപാനന്ദഗിരി.
പുരോഗമന കലാസാഹിത്യ സംഘവും മുൻ എസ് എഫ് ഐ പ്രവർത്തകരുടെ കൂട്ടായ്മയായ ഗ്രാൻമയും തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ സംഘടിപ്പിച്ച മതം രാഷ്ട്രീയം സംസ്കാരം പരിപാടിയിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മഹാത്മാഗാന്ധിക്ക് സംഭവിച്ച അതേ അവസ്ഥ തന്നെയായിരിക്കും സംഘപരിവാരത്തിൽ നിന്നും സ്വാമി വിവേകാനന്ദനും സംഭവിക്കുക. ജനുവരി 12ന് വിവേകാനന്ദ ജയന്തി ദിവസം പശ്ചിമബംഗാളിലെ രാമകൃഷ്ണ മിഷൻ ആസ്ഥാനം സന്ദർശിച്ച നരേന്ദ്ര മോദിയോട് മിഷൻ അധികൃതർ പരസ്യമായി തന്നെ വിയോജിപ്പ് രേഖപ്പെടുത്തിയത് അവർ വിവേകാനന്ദ പാരമ്പര്യം പിന്തുടരുന്നത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
മതേതര മനസുകളുടെ ഇന്ത്യയെ നശിപ്പിക്കുക എന്നതാണ് സംഘപരിവാറിന്റെ ദൗത്യമെന്നും ഇതിനെ ചെറുക്കേണ്ടതുണ്ടെന്നും സ്വാമി സന്ദീപാനന്ദഗിരി പറഞ്ഞു. ഗ്രാൻമ പ്രസിഡന്റ് പ്രഫ.കെ.ബാലൻ അധ്യക്ഷത വഹിച്ചു. എം. സന്തോഷ്, പ്രഫ.ഇ.കുഞ്ഞിരാമൻ, ടി.മോഹനൻ, യു.വി.വേണു എന്നിവർ പ്രസംഗിച്ചു.