സ്വന്തം ലേഖകന്‍
വിയ്യൂര്‍: വൃദ്ധയെ ഓട്ടോയില്‍ കയറ്റി കൊണ്ടുപോയി ആക്രമിച്ച് പരിക്കേല്‍പ്പിച്ച സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതികള്‍ പിടിയിലായതായി സൂചന. തൊടുപുഴ, കോട്ടയം സ്വദേശികളായ യുവാവും യുവതിയുമാണ് പിടിയിലായത്. ഇവരുടെ അറസ്റ്റ് ഇന്നു വൈകുന്നേരത്തോടെ രേഖപ്പെടുത്തും.
ഈ മാസം ഒമ്പതിനാണ് പറമ്പായ് വട്ടായി കരിമ്പത്ത് വീട്ടില്‍ പരേതനായ ബാലന്റെ ഭാര്യ സുശീല(73)യെ തിരൂര്‍ സെന്ററില്‍ നിന്ന് ഓട്ടോയില്‍ കയറ്റി കൊണ്ടുപോയി ആക്രമിച്ച സ്വര്‍ണം കവര്‍ന്നത്.
വീടിനടുത്ത് ഇറക്കാമെന്ന് പറഞ്ഞ് ഓട്ടോയില്‍ വന്ന യുവതി സുശീലയെ കൂടെ കയറ്റുകയും പിന്നീട് വിജനമായ വഴിയില്‍ വെച്ച് യുവതിയും ഓട്ടോ ഓടിച്ചിരുന്ന യുവാവും ചേര്‍ന്ന് സുശീലയെ ആക്രമിക്കുകയും കഴുത്തില്‍ കയര്‍ മുറുക്കി ചുറ്റിക കൊണ്ട് തലക്കടിച്ച് മൂന്നുപവന്റെ മാല തട്ടിയെടുക്കുകയുമായിരുന്നു.
കൈയിലെ വളകള്‍ ഊരാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. എല്ലാം മുക്കുപണ്ടമാണെന്ന് സുശീല വിളിച്ചുപറഞ്ഞപ്പോള്‍ യുവതിയും യുവാവും മോഷണശ്രമം ഉപേക്ഷിക്കുയും ഇതിനിടെ സുശീല ഇവരെ തള്ളിയിട്ട് രക്ഷപ്പെടുകയുമായിരുന്നു.
തന്നെ പത്താഴക്കുണ്ട് ഡാമില്‍ താഴ്ത്തി കൊലപ്പെടുത്താനായിരുന്നു ഇവരുടെ ശ്രമമെന്നും സുശീല സംശയം പ്രകടിപ്പിച്ചു. ചോരയൊലിപ്പിച്ച് സമീപത്തെ വീട്ടില്‍ ചെന്നു കയറിയ സുശീലയെ പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
വിയ്യൂര്‍ എസ്.ഐ ശ്രീജിത്തിന്റെ നേത്യത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. ഇന്നു പുലര്‍ച്ചെ വിയ്യൂരിലെ വീട്ടില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. തിരൂര്‍ സെന്ററിലേയും പള്ളി പരിസരത്തേയും പൂമല, വട്ടായി, പത്താഴക്കുണ്ട്, പറമ്പായി, നായരങ്ങാടി എന്നിവിടങ്ങളിലെയും സിസി ടിവി കാമറകള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
ഈ കാമറകളില്‍ നിന്നും പ്രതികളുടെ ഓട്ടോറിക്ഷയുടെ ദൃശ്യം പോലീസിന് ലഭിച്ചു. ഇതിനെ കേന്ദ്രീകരിച്ചായിരുന്നു പിന്നീട് അന്വേഷണം.
വടക്കാഞ്ചേരി പോലീസിനായിരുന്നു ആദ്യ അന്വേഷണചുമതലയെങ്കിലും പിന്നീട് സുശീലയെ തിരൂരില്‍ നിന്നാണ് വണ്ടിയില്‍ കയറ്റിക്കൊണ്ടുപോയതെന്ന് സ്ഥിരീകരിച്ചതോടെ അന്വേഷണം വിയ്യൂര്‍ പോലീസിന് കൈമാറുകയായിരുന്നു.
അതിനിടെ കുറാഞ്ചേരിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം സുശീലയെ ആക്രമിച്ച സ്ത്രീയുടേതാണെന്ന അഭ്യൂഹവും പരന്നിരുന്നു.