ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പുതിയ ഒപി രജിസ്ട്രേഷൻ കൗണ്ടറിൽ നിന്നും താത്കാലിക ജീവനക്കാർ ഒ പി ചീട്ട് നൽകുന്നത് രോഗികൾക്ക് ദുരിതമാകുന്നതായി പരാതി. വയറുവേദനയുമായി വരുന്ന രോഗിക്ക് സർജറി വിഭാഗത്തിലെ ഡോക്്ടറെ കാണിക്കുവാൻ ഒ പി ചീട്ട് നൽകേണ്ടതിനു പകരം മെഡിസിൻ വിഭാഗത്തിലേക്കാണ് നൽകുന്നത്.
മെഡിസിൻ വിഭാഗത്തിൽ മണിക്കൂറുകൾ ക്യൂ നിന്ന് ഡോക്ടറെ കാണുന്പോൾ ജനറൽ സർജറിയിലാണെന്ന് പറഞ്ഞ് രോഗിയെ ആ വിഭാഗത്തിലേക്ക് പറഞ്ഞു വിടുന്നു. പിന്നീട് സർജറി വിഭാഗത്തിലെത്തി ഡോക്ടറെ കണ്ടു കഴിയുന്പോൾ എക്സ്റേ ഉൾപ്പെടെ മറ്റേതെങ്കിലും പരിശോധനയ്ക്ക് നിർദേശിച്ചാൽ സമയക്കുറവ് മൂലം അന്നു തന്നെ പരിശോധനകൾ നടത്തി അതിന്റെ ഫലം കാണിക്കുവാൻ കഴിയാതെ വരുന്നു.
വീണ്ടും അടുത്ത ആഴ്ചയിലെ ഒ പി ദിവസം ഡോക്ടറെ കാണാൻ വരേണ്ടി വരുന്നു. ഇത് രോഗികൾക്കും കൂടെയെത്തുന്നവർക്കും നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ടെന്നാണ് ആക്ഷേപം. ഇന്നലെ ആശുപത്രിയിലെത്തിയ ആൾ തന്റെ രോഗവിവരം പറഞ്ഞു. കൗണ്ടറിലിരുന്ന എച്ച്ഡിഎസ് ജീവനക്കാരി ഇവർക്ക് മെഡിസിൻ വിഭാഗത്തിലേക്ക് ചീട്ടുകൊടുത്തു.
മണിക്കൂറുകൾ ക്യൂ നിന്ന ശേഷം ഡോക്ടറുടെ മുറിയിൽ പ്രവേശിച്ചപ്പോഴാണ് ഇവിടെയല്ല സർജറി വിഭാഗത്തിൽ ചെന്ന് അന്വേഷിക്കുവാൻ പറഞ്ഞുവിടുന്നത്. രോഗി അവിടെത്തി ക്യൂവിൽ നിന്നു സർജറി ജീവനക്കാരെ കണ്ടപ്പോഴാണ് ഇത് ഫിസിയോ തെറാപ്പിയിലാണ് കാണിക്കേണ്ടതെന്ന് മനസിലാകുന്നത്.
തുടർന്ന് ഫിസിയോതെറാപ്പി വിഭാഗത്തിൽ കാണിക്കുവാൻ ശ്രമം നടത്തുന്പോഴാണ് വെള്ളിയാഴ്ച ഫിസിയോതെറാപ്പി ഒപി ഇല്ലെന്നറിയുന്നത്. പിന്നീട് രോഗി തന്റെ വീട്ടിലേക്ക് മടങ്ങി. മുൻ കാലങ്ങളിൽ വളരെ സർവീസുള്ള സ്ഥിരം ജീവനക്കാരെയാണ് ഒ പി രജിസ്ട്രേഷൻ കൗണ്ടറിൽ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നത്.
ഇവരോട് ഒ പി ചീട്ട് എടുക്കുവാൻ വരുന്ന രോഗിയോ ബന്ധുക്കളോ രോഗവിവരം പറഞ്ഞാൽ ഏത് വിഭാഗത്തിലേക്കു രോഗി പോകണമെന്നും ബന്ധപ്പെട്ട ഏത് വിഭാഗത്തിലെ ഡോക്ടറെയാണ് കാണേണ്ടതെന്നും ആ വിഭാഗത്തിലെ ഡോക്്ടറുടെ മുറിയുടെ നന്പർ കൂടി ഒപി ചീട്ടിലെഴുതിയാണ് ജീവനക്കാർ നൽകിയിരുന്നത്.
കന്പ്യൂട്ടർ വിദഗ്ധരെന്ന പേരിൽ എച്ച്ഡിസി വഴി ജോലിയിൽ പ്രവേശിച്ച് പുതിയ രജിസ്ട്രേഷൻ കൗണ്ടറിൽ ഡ്യൂട്ടി ചെയ്യുന്ന ജീവനക്കാർക്കു രോഗിക്ക് ഏതു വിഭാഗത്തിലേക്ക് ഒ പി ചീട്ട് നൽകണമെന്നറിയില്ലെന്നും അവർക്ക് തോന്നുന്നതു പോലെ ഒ പി ചീട്ട് നൽകുകയാണെന്നും രോഗികളും അവരുടെ ബന്ധുക്കളും ആക്ഷേപിക്കുന്നു.
അതിനാൽ രോഗവിവരം കേട്ടു ബന്ധപ്പെട്ട ഏതു വിഭാഗത്തിലേക്കാണ് രോഗിക്ക് പോകേണ്ടതെന്നു തിരിച്ചറിഞ്ഞ് ഒ പി ചീട്ട് നൽകുവാൻ കഴിവുള്ള ജീവനക്കാരെ രജിസ്ട്രേഷൻ കൗണ്ടറിൽ നിയമിച്ച് രോഗികൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കണമെന്ന ആവശ്യം ഉയർന്നു വരികയാണ്.