മാന്നാർ: മതമൈത്രിയുടെ സംഗമ ഭൂമിയായ മാന്നാറിൽ മാനവ സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും നേർകാഴചയായി തൃക്കുരട്ടി മഹാദേവർ ക്ഷേത്രത്തിലെ എതിരേൽപ്പ്. തൃക്കുരട്ടി ക്ഷേത്രത്തിലെ ശിവരാത്രി എതിരേൽപ്പിന് മാന്നാർ പുത്തൻപള്ളി മുസ്ലിം ജമാഅത്ത് നൽകിയ സ്വീകരണം മതമൈത്രി ഉൗട്ടിയുറപ്പിക്കുന്നതായി.
കടപ്ര കൈനകരി ക്ഷേത്രത്തിൽ പുളിക്കീഴ് സ്റ്റേഷൻ ഹൗസ് ആഫീസർ ടി.രാജപ്പൻ റാവുത്തർ ഭദ്രദീപം കൊളുത്തിയാണ് എതിരേൽപ്പ് ഘോഷയാത്ര ഉദ്ഘാടനം ചെയ്തത്. മാന്നാർ മുസ്ലീം പള്ളിക്ക് മുൻവശത്ത് എത്തിയ എതിരേൽപ്പിനെ ചീഫ് ഇമാം മുഹമ്മദ് ഫൈസി യുടെ നേതൃത്വത്തിൽ ജമാഅത്ത് ഭാരവാഹികൾ സ്വീകരിച്ചു.
ക്ഷേത്ര സേവാ സമതി ഭാരവാഹികളായ കലാധരൻ കൈലാസം, ആർ.വെങ്കിടാചലം, വി.കെ. രാജു, കെ.കെ. നായർ, അനിരുദ്ധൻ എന്നിവരെ ജമാഅത്ത് ഭാരവാഹികളായ റഷീദ് പടിപുരയ്ക്കൽ, നിയാസ് ഇസ്മയിൽ, നവാസ്, കെ.എ.സലാം, മാഹിൻ ആലുംമീട്ടിൽ, ഇസ്മയിൽ എന്നിവർ ബോക്കയും ഷാളുമണിയിച്ച് സ്വീകരിച്ചു.
കൂടാതെ ഘോഷയാത്രയിൽ പങ്കെടുത്ത എല്ലാവർക്കും ദാഹജലവും പലഹാരവും നൽകി. മുൻ ജമാഅത്ത് പ്രസിഡന്റ് മാന്നാർ അബ്ദുൾലത്തീഫ് മതസൗഹാർദ്ദ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗാമപഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് കണ്ണാടിശേരിൽ, ബി.കെ.പ്രസാദ്, കെ.എ. കരീം, എൻ.എ. സുബേർ, പി.എ. അസീസ് കുഞ്ഞ്, റ്റി.കെ. ഷാജഹാൻ എന്നിവർ പ്രസംഗിച്ചു.
നാടിന്റെ ഉത്സവമായ എതിരേൽപ്പ് ഘോഷയാത്ര വീക്ഷിക്കുവാൻ വീഥിയുടെ ഇരുവളങ്ങളിലുമായി ആയിരങ്ങളാണ് അണിനിരന്നത്. പോലീസും മാന്നാർ റെസ്ക്യൂ ടീം മും ചേർന്ന് ഗതാഗതം നിയന്ത്രിച്ചു. എതിരേൽപ്പ് ക്ഷേത്രത്തിൽ എത്തിയ ശേഷം ദീപാരാധന, ദീപകാഴ്ച എന്നിവ നടന്നു.
തുടർന്ന് ആകാശ കാഴ്ച, സേവ, വയലിൻ ഫ്യൂഷൻ എന്നിവയും രാത്രി 12ന് ശിവരാത്രി പൂജയും നടന്നു. ഇന്ന് പുലർച്ചെ 3.30ന് നടന്ന ശിവരാത്രി നൃത്തം വലിയകാണിക്ക എന്നിവയോടെ 11 ദിവസമായി നടന്ന ശിവരാത്രി മഹോത്സവത്തിന് സമാപനമായി.