കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനികളോട് അധ്യാപകന് മോശമായി പെരുമാറിയ കേസില്‍ കുറ്റപത്രം അടുത്തയാഴ്ച സമര്‍പ്പിക്കും.
കോഴിക്കോട് നഗരത്തിലെ മുസ്ലിം മാനേജ്മെന്റിനു കീഴിലുള്ള ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ബോട്ടണി വിഭാഗം അധ്യാപകനും കുന്ദമംഗലം പെരിങ്ങളം സ്വദേശിയുമായ പുല്ലാങ്ങോട്ടില്ലം കൃഷ്ണന് നമ്പൂതിരിയെ പ്രതിചേര്‍ത്ത് രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലാണ് കുറ്റപത്രം തയാറാക്കുന്നത്.
മൂന്ന് മാസത്തോളം ഒളിവിലായിരുന്ന അധ്യാപകന് രണ്ടാഴ്ച മുമ്പ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. തുടര്‍ന്ന് ടൗണ്‍പോലീസിൽ ഹാജരായ അധ്യാപകനെ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടു.
അധ്യാപകനെതിരേ പെണ്‍കുട്ടികളുടെ പരാതിയില്‍ മൂന്നു കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ രണ്ടു കേസുകളിലാണ് കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുന്നത്.
മൂന്നാമത്തെ കേസില്‍ ഫേസ്ബുക്ക് ആസ്ഥാനത്തു നിന്ന് വിവരങ്ങള്‍ ലഭിച്ച ശേഷമേ കുറ്റപത്രം സമര്‍പ്പിക്കാനാവൂ. എസ്ഐ കെ.ടി.ബിജിത്തും എസ്ഐ വി.വി.സലീമുമാണ് കേസ് അന്വേഷിക്കുന്നത് .
കഴിഞ്ഞ ഒക്ടോബറിലാണ് വിദ്യാര്‍ഥികള്‍ അധ്യാപകനെതിരേ പരാതിയുമായെത്തിയത്. 15 ലേറെ വിദ്യാര്‍ഥിനികളാണ് അധ്യാപകനെതിരേ പരാതി ഉന്നയിച്ചത്. ആദ്യം പിടിഎ കമ്മിറ്റിക്കായിരുന്നു പരാതി നല്‍കിയത്. പിന്നീട് പ്രിന്‍സിപ്പലിനും കൈമാറി.
പ്രിന്‍സിപ്പാലാണ് 25 ന് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. പരാതിയില്‍ ഒക്ടോബര്‍ അവസാന ആഴ്ചയില്‍ തന്നെ കൃഷ്ണന് നമ്പൂതിരിക്കെതിരേ ടൗണ്‍പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
അറസ്റ്റ് ചെയ്യാനായി പോലീസ് എത്തിയപ്പോഴേക്കും ഇയാള്‍ മുങ്ങി. തുടര്‍ന്ന് ഇയാള്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ നമ്പര്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. ഒക്ടോബര്‍ 26 ന് സ്വിച്ച് ഓഫ് ആയ ഫോണ്‍ മൂന്നു മാസം കഴിഞ്ഞിട്ടും ഓണായിരുന്നില്ല.
അധ്യാപകന്റെ ബന്ധുവീടുകളിലും മറ്റും നിരവധി തവണ പോലീസ് അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ യാതൊരു വിവരവും ലഭിച്ചില്ല. ഇവിടെ നടത്തിയ പരിശോധനയില്‍ അധ്യാപകന് പാസ്പോര്ട്ടുള്ളതായി പോലീസിന് വിവരം ലഭിച്ചു.
വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് ലുക്കൗട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു. കൂടാതെ മൊബൈല്‍ ഫോണ്‍ കമ്പനികളുടെ സഹായവും തേടിയിരുന്നു.
രാജ്യത്ത് എവിടെ നിന്നായാലും ആധാര്‍ നമ്പര്‍ ഉപയോഗിച്ച് പുതിയ സിംകാര്‍ഡ് വാങ്ങുകയാണെങ്കില്‍ അക്കാര്യം അറിയിക്കുന്നതിനാണ് അപേക്ഷ നല്‍കിയത്.
അതിനിടെയാണ് അധ്യാപകന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. മൂന്നു മാസം തിരുപ്പതിയിലായിരുന്നുവെന്നാണ് അധ്യാപകന് പോലീസിനോട് പറഞ്ഞത്. അവിടെ വച്ച് മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതായും പറഞ്ഞു.